1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2022

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൂചകങ്ങളില്‍ 11 എണ്ണത്തിലും യുഎഇ തന്നെയാണ് മുന്നില്‍. ഭാഷ, ഉദ്യോഗസ്ഥ സമൂഹം, തൊഴില്‍ സാധ്യതകള്‍, വിനോദ സൗകര്യങ്ങള്‍, യാത്ര, ഗതാഗതം, തൊഴില്‍ സംതൃപ്തി, സുരക്ഷ, ആരോഗ്യ സേവനങ്ങള്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍, പാര്‍പ്പിടം, ശമ്പളവും ജോലി സുരക്ഷയും എന്നീ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് യുഎഇ കരസ്ഥമാക്കിയതെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഏജന്‍സിയായ ഇന്റര്‍നാഷന്‍സ് വ്യക്തമാക്കി.

ജര്‍മന്‍ ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷന്‍സിന്റെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2022 റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട നാലു പ്രധാന മേഖലകളിലും 11 പ്രധാന സൂചകങ്ങളിലും മികച്ച സ്ഥാനം യുഎഇ സ്വന്തമാക്കിയത്. ആകെയുള്ള അഞ്ച് മേഖലകളില്‍ നാലിലും 17 സൂചകങ്ങളില്‍ 11 എണ്ണത്തിലും മികച്ച നേട്ടം കൈവരിക്കാനായത് വലിയ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. പ്രവാസികളുടെ ജീവിത നിലവാരം, വന്ന് താമസിക്കാനുള്ള എളുപ്പം, വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, പേഴ്‌സണല്‍ ഫിനാന്‍സ്, അനിവാര്യ സംവിധാനങ്ങളിലെ ലഭ്യത എന്നീ മേഖകലളിലാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ റാങ്കിംഗ് തയ്യാറാക്കിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 94 ശതമാനം പേരും പറഞ്ഞത് യുഎഇയില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്നതാണ്. ഇക്കാര്യത്തിലുള്ള ആഗോള ശരാശരി 81 ശതമാനമാണ്. അതേപോലെ യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ മികവിന്റെ കാര്യത്തില്‍ 86 ശതമാനമാണ് ലഭിച്ചത്. ഇക്കാര്യത്തിലെ ആഗോള ശരാശരിയാവട്ടെ 25 ശതമാനം മാത്രമാണ്. ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യങ്ങളുടെ കാ്യത്തില്‍ 90 ശതമാനം പേരും യുഎഇയിലെ തിരഞ്ഞെടുത്തപ്പോള്‍ ആഗോള തലത്തില്‍ 84 ശതമാനം പേര്‍ മാത്രമാണ് ഈ സൗകര്യം അനുഭവിക്കുന്നതായി അഭിപ്രായപ്പെട്ടത്.

യുഎഇയിലെ 78 ശതമാനം പേരും ആരോഗ്യ സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയുടെ കാര്യത്തില്‍ സംതൃപ്തരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആഗോള ശരാശരി 64 ശതമാനമാണ്. യുഎഇയില്‍ താമസിക്കുന്ന പ്രവാസികളില്‍ 79 ശതമാനം പേരും തങ്ങളുടെ തൊഴില്‍ മേഖലകളില്‍ പുരോഗതിക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ആഗോള തലത്തില്‍ 65 ശതമാനം പേര്‍ മാത്രമാണ് ഈ അഭിപ്രായക്കാര്‍. ഭാഷ ഉപയോഗിക്കുന്നതിലെ എളുപ്പത്തിന്റെ കാര്യത്തിലും യുഎഇ തന്നെയാണ് പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടം.

യുഎഇയിലെ ദേശീയ ഭാഷയായ അറബി തന്നെ ഉപയോഗിക്കണമെന്നില്ലെന്നും അറബി അറിയില്ലെങ്കിലും ആശയ വിനിമയത്തില്‍ രാജ്യത്ത് തടസ്സം നേരിടുന്നില്ലെന്നും 85 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ ആഗോള തലത്തില്‍ 51 ശതമാനം പേര്‍ മാത്രമാണ് ഈ അഭിപ്രായക്കാര്‍. രാജ്യത്തെ ഭരണപരമായ നടപടിക്രമങ്ങളുടെ കാര്യത്തിലും യുഎഇ മികച്ച നിലയിലാണ്.

ആഗോള തലത്തില്‍ ഇക്കാര്യത്തിലുള്ള ശരാശരി 54 ശതമാനമാണെങ്കില്‍ യുഎഇയില്‍ അത് 83 ശതമാനമാണ്. യുഎഇയില്‍ താമസ സ്ഥലം കണ്ടെത്തുക എളുപ്പമാണെന്ന് 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. 54 ശതമാനമാണ് ഇക്കാര്യത്തിലുള്ള ആഗോള ശരാശരി. റസിഡന്‍സ് വിസ ലഭിക്കുന്ന കാര്യത്തിലും യുഎഇ തന്നെയാണ് മുന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ശരാശരി 56 ശതമാനം മാത്രമാണെന്നും ഇന്റര്‍നാഷന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.