
സ്വന്തം ലേഖകൻ: വ്യക്തികളെ തിരിച്ചറിയാൻ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യ മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫേസ് ഐഡി ഉപയോഗിക്കുക. വിജയകരമാണെങ്കിൽ മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കും. നിലവിൽ മൊബൈൽ ഫോണുകളിൽ ഫേസ് റെക്കഗ്നിഷൻ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ ഇത് പരീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നേതൃത്വം നൽകും.
തിരിച്ചറിയൽ നടപടികൾക്കായി നിരവധി രേഖകൾ സമർപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഫേസ് ഐ.ഡി പരീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗത്തിേൻതാണ് തീരുമാനം.
കൃത്യതയും സുതാര്യതയും വർധിപ്പിക്കുന്നതിനൊപ്പം അമിതമായ കടലാസ് ജോലികൾ ഒഴിവാക്കാനുമാവും. ഒട്ടേറെ രേഖകൾ സമർപ്പിക്കുന്നതിനു പകരം വ്യക്തിഗത ഐഡൻറിറ്റി സ്ഥിരീകരിക്കുന്നതിന് ചില സ്വകാര്യമേഖല സേവനങ്ങളിലും ഫേഷ്യൽ റെക്കഗ്നിഷൻ നടപ്പാക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ സർക്കാർ ജോലികൾ നിർവഹിക്കുന്നതിന് റിമോട്ട് കമ്യൂണിക്കേഷൻ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ പുതിയ സംഘത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഡിജിറ്റൽ ഇക്കോണമി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വിദൂര വർക് ആപ്ലിക്കേഷൻസ് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിക്ക് സഹമന്ത്രി ഉമർ അൽ ഉലാമ നേതൃത്വം നൽകും.
അടുത്ത ദശകങ്ങളിൽ സർക്കാർ ജോലിയുടെ ഭാവി ഇന്നത്തേക്കാൾ വ്യത്യസ്തമായിരിക്കുമെന്നും കോവിഡ് ആരംഭിച്ചശേഷം യുഎഇ മന്ത്രിസഭ കഴിഞ്ഞവർഷം പുനഃസംഘടിപ്പിക്കുകയും ഒട്ടേറെ സർക്കാർ വകുപ്പുകൾ ഏകീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം പ്രവർത്തിക്കുന്ന ചടുലമായ സർക്കാറിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദിെൻറ നേതൃത്വത്തിൽ ഇത്തിഹാദ് റെയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് മന്ത്രിസഭ യോഗം പുനഃസംഘടിപ്പിച്ചു. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം വിജയകരമായി അയച്ച യുഎഇയുടെ ശാസ്ത്ര നേട്ടത്തെ പ്രകീർത്തിച്ചാണ് മന്ത്രിസഭ യോഗം ആരംഭിച്ചത്.
യുഎഇയുടെ അടുത്ത 50 വർഷം ആരംഭിക്കുന്നതിെൻറ മികച്ച നേട്ടമാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ജനിതക രോഗങ്ങൾ കുറക്കാൻ വിവാഹപൂർവ പരിശോധന നടത്തുന്നത് സംബന്ധിച്ച പഠനം മന്ത്രിസഭ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല