
സ്വന്തം ലേഖകൻ: വ്യാജ ഇന്‍ഷുറന്‍സ് തട്ടിപ്പുകളില്‍ അകപ്പെടുന്നത് നിരവധി പേര്‍. യു.എ.ഇയിലെ വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഈ മേഖലയിലും വിലസുന്നത്. വിസ സ്റ്റാമ്പിങ്ങിന് സമര്‍പ്പിക്കുമ്പോള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് വ്യാജ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗപ്പെടുത്തുകയാണ് ചിലര്‍ ചെയ്യുന്നത്.
എന്നാല്‍, അപകടം അടക്കമുള്ള അടിയന്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലാകുമ്പോഴാണ് പോളിസിയുടെ ഉടമസ്ഥര്‍ വിസക്കായി സമര്‍പ്പിച്ചിരുന്നത് വ്യാജ പോളിസിയാണെന്ന് തിരിച്ചറിയുന്നത്. ഇത്തരം വ്യാജ പോളിസികള്‍ നിര്‍മിച്ച് നല്‍കുന്ന സംഘം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അത്യാഹിതമടക്കമുള്ള കേസുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പോളിസി ഉടമസ്ഥന് ന്യായമായും ലഭിക്കേണ്ട അടിയന്തര ചികിത്സ ഇതുമൂലം നിഷേധിക്കപ്പെടുകയാണ്. ഇതിെൻറ അടിസ്ഥാനത്തില്‍ കൃത്യമായ ചികിത്സ ലഭ്യമാകാതെ പ്രതിസന്ധിയിലായ നിരവധി സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ നിസാര്‍ പട്ടാമ്പി സാക്ഷ്യപ്പെടുത്തുന്നു.
ചികിത്സ ലഭിക്കാൻ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നിരിക്കെ വ്യാജ പോളിസി മൂലം ആശുപത്രി അധികൃതരടക്കം കൈമലര്‍ത്തുന്ന അവസ്ഥയാണെന്നും സാധാരണക്കാരായ പാവപ്പെട്ട തൊഴിലാളികളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നതിൽ ഏറെയെന്നും അദ്ദേഹം പറഞ്ഞു.
തുച്ഛമായ തുകയുടെ ലാഭം നോക്കിയാണ് പലരും ഈ ചതിയില്‍ അകപ്പെടുന്നത്. 550 ദിര്‍ഹം ചെലവാക്കിയാല്‍ ഒന്നര ലക്ഷം ദിര്‍ഹമിെൻറ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുമെന്നിരിക്കെയാണ് ചെറിയ ലാഭം നോക്കി തട്ടിപ്പ് നടത്തുന്നത്. വിസിറ്റിങ് വിസയില്‍ പോലും രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നിരിക്കെ താമസ വിസക്കാരുടെ വിഷയത്തിലാണ് കള്ളക്കളി നടത്തുന്നത്. വിസയിലുള്ള ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്ത പക്ഷം അടിയന്തര സാഹചര്യങ്ങളില്‍ പോലും ഒരു ആനുകൂല്യവും ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല