
സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം. ഇരട്ടിയിലേറെ ദൈർഘ്യമുള്ള യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്ക് മതി! യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതി.
വിമാന ടിക്കറ്റ് നിരക്കിൽ ഗൾഫിലെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. യുഎഇ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ യാത്രക്കാരെ പിഴിയുന്നതിൽ ദേശീയ, സ്വകാര്യ വിമാന കമ്പനികൾ മത്സരിക്കുകയാണ്. ആഴ്ചകളായി കേരള–യുഎഇ സെക്ടറിൽ 30,000ത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക്. വരുന്ന ആഴ്ചകളിലും ഇതേ നിരക്കാണ് ഓൺലൈനിൽ കാണിക്കുന്നത്.
ഇതര ഗൾഫ് രാജ്യങ്ങളിലേക്കും പൊള്ളുന്ന നിരക്ക് തുടരുകയാണ്. ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്നലെ വിവിധ എയർലൈനുകളുടെ ഓൺലൈനിൽ കാണിച്ച നിരക്ക്. എയർ ഇന്ത്യാ എക്സ്പ്രസിൽ 28,105 രൂപ.ഫ്ലൈ ദുബായിൽ 30,757, സ്പൈസ് ജെറ്റിൽ 30,950, എമിറേറ്റ്സ് എയർലൈൻസ് 40,722 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കോവിഡ് മൂലം വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ ഗൾഫിലെ പ്രവാസികളെ കൊള്ളയടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതിയാണിത്. പോരാത്തതിന് എയർപോർട്ടിൽ നടത്തുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് നിരക്കും വളരെ കൂടുതലാണെന്ന് പ്രവാസികൾ പറയുന്നു. ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്നതോടെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റിവച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല