
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുകയാണ്. പ്രത്യേകിച്ചും ഷാര്‍ജ വഴിയുള്ള ടിക്കറ്റ് നിരക്കിലാണ് വലിയ കുറവ് വരുന്നത്. ഡിസംബര്‍ മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്.
ഈ അവസരം മുതലെടുത്ത് യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ പഠനം, പരീക്ഷ എന്നീ കാര്യങ്ങളുള്ളതിനാല്‍ കുടുംബങ്ങള്‍ക്ക് ഈ വേളയില്‍ യാത്ര പ്രയാസമാകും. അതേസമയം, യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പണം കൂടുതല്‍ ചെലവാകും.
ഡിസംബര്‍ ആദ്യ വാരം മുതല്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണം കൂടിയ സാഹചര്യം മുതലെടുക്കുകയായിരുന്നു വിമാന കമ്പനികള്‍. ഈ നിരക്ക് ജനുവരി പകുതി വരെ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ നിരക്ക് കുറയുകയാണ്. ഇതാകട്ടെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതുമാണ്.
ജനുവരി 15 വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 35000 രൂപയായിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള നിരക്കില്‍ നേരിയ വ്യതിയാനമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 12500 രൂപയായി കുറഞ്ഞിരിക്കുന്നു എന്നാണ് പുതിയ വിവരം. നാലംഗ കുടുംബത്തിന് 50000 രൂപ മുടക്കിയാല്‍ നാട്ടിലേക്ക് വരാം.
വരും ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇനിയും കുറവ് വരും. ഈ മാസം അവസാന വാരത്തില്‍ 8000 രൂപയായി കുറയുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. അതായത്, നാലംഗ കുടുംബത്തിന് 32000 രൂപയുണ്ടെങ്കില്‍ നാട്ടിലെത്താം. ഡിസംബറില്‍ ഒരാള്‍ക്ക് ചെലവായിരുന്ന തുകയ്ക്ക് ഇപ്പോള്‍ നാലുപേര്‍ക്ക് നാട്ടിലെത്താനാകുമെന്ന് ചുരുക്കം.
യുഎഇയില്‍ നിന്ന് അബുദാബി വിമാനത്താവളം വഴി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുതലാണ്. ഷാര്‍ജ വഴിയാണ് ഏറ്റവും കുറവ് കാണിക്കുന്നത്. അതേസമയം, കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പോകുന്നവര്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. 26000ന് മുകളില്‍ ഈടാക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 30000 രൂപ വരെ വിമാന ടിക്കറ്റിന് ചെലവ് വരുന്നുണ്ട്. ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് കുറയും. 15000 രൂപ വരെയാണ് ഒരാഴ്ചയ്ക്ക് ശേഷമുള്ള ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. കൊച്ചിയില്‍ നിന്നാണ് ഏറ്റവും കുറവ്. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് നേരിയ വര്‍ധനവ് കാണുന്നു.
അതേസമയം, മാര്‍ച്ച് മാസത്തിന് ശേഷം യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരും. സാധാരണ ജോലി ചെയ്യുന്ന പ്രവാസികള്‍ നിരക്ക് കുറയുന്ന സമയം പരിശോധിച്ചാണ് ടിക്കറ്റ് എടുക്കുക. അവര്‍ക്ക് നാട്ടിലേക്ക് വരാന്‍ ഏറ്റവും അനിയോജ്യമായ സമയമാണ് ഫെബ്രുവരി. സ്‌കൂള്‍ അവധി, ചെറിയ പെരുന്നാള്‍ സീസണ്‍ വരുന്നതോടെ ടിക്കറ്റ് നിരക്ക് മാര്‍ച്ച് മാസത്തിന് ശേഷം വര്‍ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല