
സ്വന്തം ലേഖകൻ: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് വെള്ളിയാഴ്ച രാവിലെ കമ്പനി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. ഇന്ത്യയ്ക്കു പുറമെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സർവീസുകളും നിർത്തി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്നായിരുന്നു അറിയിപ്പ്. അതേസമയം, ട്രാൻസിറ്റ് യാത്രക്കാരെ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. തുടർന്നാണ് ഉച്ചയോടെ നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മാസങ്ങൾ നീണ്ട വിലക്കിനു ശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രാ വിലക്കില്‍ യുഎഇ ഇളവ് വരുത്തിയിരുന്നു. യുഎഇ റെസിഡന്റ് വിസയുള്ളവർക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. തൊട്ടു പിന്നാലെ യുഎഇ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്ളൈ ദുബായ് അല്ലാത്ത വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല