
സ്വന്തം ലേഖകൻ: രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടു പോകൽ, കുളിപ്പിക്കൽ, സംസ്കരിക്കൽ എന്നിവ ഉൾപ്പെടെ ശ്മശാനങ്ങളും ശ്മശാന നടപടികളും നിയന്ത്രിക്കുകയാണ് പുതിയ കരട് നിയമം ലക്ഷ്യമിടുന്നത്.
നിയമം ലംഘിക്കുന്നവർക്കുള്ള പിഴകളും ശ്മശാനങ്ങളുടെ നിരീക്ഷണം, പരിശോധന, കാവൽ എന്നിവയുമായി ബന്ധപ്പെട്ട അധികാരികൾക്കുള്ള ചട്ടങ്ങളും കരട് നിയമത്തിൽ പ്രത്യേകം നിർവചിച്ചിട്ടുണ്ട്. എഫ്.എൻ.സി സ്പീക്കർ സഖർ ഗോബാഷിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് കരടു നിയമം അംഗീകരിച്ചത്.
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം തടവോ 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടു ശിക്ഷയും ഒന്നിച്ചോ അനുഭവിക്കണം. അധികൃതർ നിശ്ചയിച്ച സ്ഥലത്തല്ലാതെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം തയാറാക്കുന്നവർക്ക് ഒരു വർഷം തടവും 20,000 ദിർഹം വരെ പിഴയും ലഭിക്കും.
മൃതദേഹം യു.എ.ഇയിൽ നിന്ന് വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനോ മറ്റു രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ കൊണ്ടുവരാനോ അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ലഭിക്കാം. മൃതദേഹം സംസ്കരിച്ച സ്ഥലമോ, ശ്മശാനമോ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കും.
ശ്മശാന സ്ഥലത്ത് കെട്ടിടം നിർമിക്കുകയോ സെമിത്തേരിയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. പെർമിറ്റ് ലഭിക്കാതെ രാജ്യത്ത് മൃതദേഹം കൊണ്ടുവരുന്നതും ശിക്ഷാർഹമാണ്.
രാജ്യത്തു മരിച്ചവരുടെ വിശദാംശങ്ങളടങ്ങിയ ഡിജറ്റൽ ഡേറ്റാബേസിൽ സംസ്കാരം സംബന്ധിച്ചും വിവരങ്ങളുണ്ടാകും. രാജ്യത്തിനകത്തും പുറത്തും അനധികൃതമായി മൃതദേഹം കൈമാറുന്നതും നിരോധിച്ചു. മൃതദേഹം വിദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവ് വ്യക്തികൾ വഹിക്കണമെന്നും നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല