
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.
ഈ മാസം നാലു മുതൽ നിരോധനം നിലവിൽവരും. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ല. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഞായറാഴ്ച മുതൽ റദ്ദ്ചെയ്യും. ജൂലൈ നാലിനു ശേഷം എത്തുന്ന സൗദി പൗരന്മാർ നിർബന്ധമായും ക്വാറന്റീൻ ഇരിക്കുകയും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇതോടെ സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ 13 ആയി. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം ഇനി അനുവദിക്കുകയില്ല. സൗദി പൗരന്മാർ അല്ലാത്തവർക്ക് വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ.
യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ നടപ്പാക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രനിരോധനം പ്രഖ്യാപിച്ചിരുന്ന സൗദി, മേയ് 17നാണ് ചില രാജ്യങ്ങൾ ഒഴികെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല