1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വഴിയില്‍ യുഎഇയില്‍ ഇറങ്ങി ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്. യാത്രയ്ക്കാര്‍ക്കായുള്ള 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുമായാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും എന്തെങ്കിലും ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനും മറ്റ് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണ് ട്രാന്‍സിറ്റ് വിസകള്‍.

യുഎഇയിലേക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവരും യുഎഇയിലേക്ക് വിസ വേണ്ടതില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരും ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് ട്രാന്‍സിറ്റ് വിസ പ്രയോജനം ചെയ്യുക. ഇവര്‍ക്ക് എളുപ്പത്തില്‍ യുഎഇയില്‍ സന്ദര്‍ശനം നടത്താന്‍ ഈ ട്രാന്‍സിറ്റ് വിസ ഉപകരിക്കും. അല്ലാത്ത പക്ഷം മുന്‍കൂട്ടി ടൂറിസ്റ്റ് വിസയോ വിസിറ്റ് വിസയോ എടുത്ത ശേഷം മാത്രമേ ഇവര്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഈ വിസകളെ അപേക്ഷിച്ച് വളരെ ലളിതമാണ് ട്രാന്‍സിറ്റ് വിസ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍.

ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിന് ആകെ വേണ്ടത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, തുടര്‍ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, യുഎഇയിലെ ഒരു ഹോട്ടല്‍ റിസര്‍വേഷന്‍ എന്നിവയാണ്. തുടര്‍ യാത്രയ്ക്കുള്ള വിമാനം ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന്റെ എട്ട് മണിക്കൂറിനും 96 മണിക്കൂറിനുമിടയില്‍ യുഎഇയില്‍ നിന്ന് യാത്ര പുറപ്പെടുന്നതായിരിക്കണമെന്ന് നിബന്ധനയുണ്ട്. അതിനു പുറമെ, വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകുന്നതാവരുത് എന്നതാണ് മറ്റൊരു നിബന്ധന.

യുഎഇ വഴി സര്‍വീസ് നടത്തുന്ന വിമാന കമ്പനിയെയാണ് ട്രാന്‍സിറ്റ് വിസയ്ക്കായി യാത്രക്കാര്‍ സമീപിക്കേണ്ടത്. ഇവിടെ 96 മണിക്കൂര്‍ നേരത്തേക്കുള്ള ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കണം. യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതിനുള്ള കാര്യങ്ങള്‍ ചെയ്യണം. ഇക്കാര്യത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും നിങ്ങളെ സഹായിക്കാനാവും. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ മൊബൈല്‍ നമ്പറില്‍ അതിന്റെ സന്ദേശം ലഭിക്കും. യുഎഇയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ പാസ്‌പോര്‍ട്ട് ഓഫീസറെ കണ്ട് ബാക്കി നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തായാക്കാനാവും.

96 മണിക്കൂര്‍ അഥവാ നാലു ദിവസത്തേക്കു മാത്രമായിരിക്കും ട്രാന്‍സിറ്റ് വിസ അനുവദിക്കുക. അത് കൂടുതല്‍ ദിവസത്തേക്ക് നീട്ടാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. മാത്രമല്ല ഒരു ട്രാന്‍സിറ്റ് വിസയില്‍ ഒറ്റ തവണ മാത്രമേ യുഎഇയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ട്രാന്‍സിറ്റ് വിസ എടുത്താല്‍ 30 ദിവസത്തേക്ക് വരെ അതിന് കാലാവധിയുണ്ടാവും. അതിനിടയില്‍ യുഎഇയില്‍ എത്തണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചുരുങ്ങിയത് എട്ട് മണിക്കൂര്‍ നേരം താമസിക്കുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസയ്ക്കുള്ള യോഗ്യതയുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് വിസകളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതാണ് ട്രാന്‍സിറ്റ് വിസയുടെ സവിശേഷത. ആകെ 50 ദിര്‍ഹം മാത്രമാണ് ഇതിനായി നല്‍കേണ്ടത്. ട്രാന്‍സിറ്റ് വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയാല്‍ ഒരു കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. എയര്‍ പോര്‍ട്ടില്‍ വച്ച് നടത്തിയ ടെസ്റ്റിന്റെ ഫലം വരുന്നതു വരെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങരുത്. 72 മണിക്കൂര്‍ യുഎഇയില്‍ തങ്ങുന്നവരാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.