1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2021

സ്വന്തം ലേഖകൻ: ഫ്രാൻസുമായി 13 നിർണായക കരാറുകൾ ഒപ്പിട്ട് യുഎഇ 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച എക്സ്‌പോ ദുബായ് സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു.

രാജ്യത്തെ വ്യവസായപ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. നൂതന സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സൗഹൃദബന്ധങ്ങളും സഹകരണവും നേതാക്കൾ ചർച്ചചെയ്തു. മറ്റ് പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.

ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. യുഎഇ 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപുറമേ 12 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിലും യുഎഇ ഒപ്പിട്ടിട്ടുണ്ട്.

എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുഎഇ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിൽ ശൈഖ് മുഹമ്മദിനെയും യുഎഇ സർക്കാരിനെയും ജനതയെയും ഫ്രഞ്ച് പ്രസിഡന്റ് അഭിനന്ദിച്ചു. രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സൈനികപരമായി ഫ്രാൻസിന്റെ പ്രധാന പങ്കാളിയാണ് യുഎഇ എന്ന് ഫ്രഞ്ച് സായുധസേനാ വക്താവ് ഹെർവ് ഗ്രാൻഡ്ജീൻ വ്യക്തമാക്കി. ഡസോൾട്ട് ഏവിയേഷൻ നിർമിക്കുന്ന റഫാൽ വിമാനങ്ങൾ 2026-നും 2031-നുമിടയിൽ യുഎഇയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.