1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: ജോലി നഷ്ടമായവര്‍ക്ക് 6 മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വിസാ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് നിലവില്‍ ഒരുമാസം വരെ മാത്രമേ യുഎഇയില്‍ തുടരാനാകു. ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും യുഎഇയുടെ തീരുമാനം. ഗ്രീന്‍ വിസക്കാര്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും 6 മാസം വരെ രാജ്യത്ത് തങ്ങാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയിരുന്നു. യുഎഇയെ സംബന്ധിച്ചിടത്തോളം കഴിവുള്ള ജീവനക്കാരെ രാജ്യത്തു തന്നെ നിലനിർത്തുന്നതിനും ഈ നീക്കം സഹായകരമാകും.

ബിസിനസുകാര്‍, രാജ്യത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നീ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഗ്രീന്‍ വിസ ലഭിച്ചവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. രക്ഷിതാക്കളെയും 25 വയസുവരെ മക്കളേയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും. ഇപ്പോള്‍ 18 വയസ്സുവരെ മാത്രമേ ആൺമക്കളെ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്നുള്ളൂ അത് ഇനിമുതല്‍ 25വരെ ആകും. സ്വന്തം മാതാപിതാക്കളെയും സ്പോൺസർ ചെയ്യാൻ അനുവദിക്കും ഗ്രീന്‍ വിസ കെെവശമുള്ളവര്‍ക്ക് ആരെയും ആശ്രയിക്കാതെ യുഎഇയില്‍ കഴിയാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

പ്രത്യേക കഴിവുകളുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായാണ് ഫ്രീലാന്‍സ് വിസകള്‍ കൊണ്ടുവരാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നത്. യുഎഇയില്‍ സ്വതന്ത്രമായി വിസകള്‍ ലഭിക്കുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും. വിവിധ രംഗങ്ങളിലെ വിദഗ്ധരെയും വിരമിച്ചവരെയും രാജ്യത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കഴിവ് തെളിയിച്ച പ്രഗത്ഭരെ രാജ്യത്തേക്ക് എത്തിച്ച് അവരുടേ സേവനം യുഎഇ നേടിയെടുക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് അല്‍ സിയൂഹി പറഞ്ഞു.

ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്ക് ജോലി ചെയ്യാനും, 15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജോലി ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവൃത്തി പരിചയം ഉണ്ടായിക്കിയെടുക്കുന്നതിന് 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഇതിനായി അവര്‍ക്ക് വിസ നല്‍കും. വിവാഹ മോചിതയായ സ്ത്രീകള്‍ക്കും, ഭര്‍ത്താവ് മരണപ്പെടുകയും ചെയ്ത സ്ത്രീകള്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചു.

പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ വിസ റദ്ദാക്കി രാജ്യം വിടാനുളള സമയം 30 ദിവസമാണ്. എന്നാല്‍ ഇത് 90 മുതല്‍ 180 ദിവസം വരെ നീട്ടി. യുഎഇയെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന 50 പുതിയ പദ്ധതികളുടെ ആദ്യ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും ഒത്തുചേർന്ന ചടങ്ങിലാണ് പുതിയ പ്രഖ്യാനങ്ങള്‍ നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.