
സ്വന്തം ലേഖകൻ: പാകിസ്താനിലേയും മറ്റു 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ സന്ദര്‍ശക വീസ താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡിന്റെ രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് സൂചന. തുര്‍ക്കി, യെമന്‍, സിറിയ, ഇറാഖ്, ലിബിയ, സോമാലിയ, കെനിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്.
ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. പാകിസ്താനില്‍ ഇതുവരെയായി 363,380 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 7230 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 30362 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയമാണ് ഈ വര്‍ഷം അവസാനം വരെ നീട്ടിയത്. ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 14 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാല്‍ പിന്നീടത് നവംബര്‍ 17 വരെയും ഇപ്പോള്‍ വര്‍ഷാവസാനം വരെയും നീട്ടുകയായിരുന്നു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. താമസ, സന്ദര്‍ശക വീസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്. രാജ്യം വിട്ടു പോകാത്തവര്‍ കനത്ത പിഴ ഒടുക്കേണ്ടിവരും. ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്ന് പോകുന്നവര്‍ക്ക് തിരിച്ചു വരാന്‍ യാതൊരു നിയമ തടസ്സവുമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല