സ്വന്തം ലേഖകൻ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ വില വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും വില വർധിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പെട്രോളിന് 15 ഫിൽസും ഡീസലിനു 17 ഫിൽസും കൂടിയിട്ടുണ്ട്.
സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹമായി. കഴിഞ്ഞ മാസം 2.88 ദിർഹം ആയിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാണ് വില. ഫെബ്രുവരിയിൽ ഇതിന് 2.76 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 ലിറ്ററിന് 2.85 ദിർഹയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.69 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 3.16 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.99 ദിർഹം ആയിരുന്നു.
അതിനിടെ വരും ദിവസങ്ങളിൽ യുഎഇയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണം. ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളിയാഴ്ച രാജ്യത്ത് ശക്തമായ മഴയായിരിക്കും ഉണ്ടായിരിക്കുകയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും.
ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, അൽഐൻ എന്നിവ ഈ പ്രദേശങ്ങളിൽ മഴ ശക്തമാകും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, വ്യാഴാഴ്ച ഉച്ച മുതൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്‌ച താപനില ക്രമേണ കുറയും. വ്യാഴാഴ്ച രാത്രിയോടെ മാനം തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല