1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി ആഘോഷങ്ങളിലെ ദീപങ്ങളിൽ കൂടുതലും സ്വർണവർണമണിഞ്ഞു. രാജ്യത്തിന്റെ സന്തോഷവും ശക്തിയുമാണ് നിറങ്ങളിൽ തിളങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.

വ്യത്യസ്ത നിറത്തിൽ പൂക്കളുമായി ആയിരക്കണക്കിനു ചെടികളും നഗരത്തിൽ നട്ടുപിടിപ്പിച്ചു. പ്രധാന റോഡുകളുടെ ഇരുവശവും മധ്യത്തിലും പാർക്കിലുമാണ് വർണവസന്തം. ദേശീയ, സ്മാരക ദിനങ്ങളോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ 3 വരെ അവധിയാണ്. വാരാന്ത്യദിനങ്ങൾ ചേർത്ത് സർക്കാർ ജീവനക്കാർക്ക് നാലും സ്വകാര്യമേഖലയിൽ മൂന്നും ദിവസം അവധിയുള്ളതിനാൽ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

തിരക്കു മുന്നിൽ കണ്ട് പാർക്ക്, ബീച്ച് തുടങ്ങി പൊതു സ്ഥലങ്ങളിൽ ശുചീകരണം ഊർജിതമാക്കി. ഇതേസമയം ദേശീയ ദിന പരിപാടികളിൽ മാസ്ക് ധരിച്ചും 1.5 മീറ്റർ അകലം പാലിച്ചും മാത്രമേ പങ്കെടുക്കാവൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചിരിക്കുന്നതിനു തടസ്സമില്ല. പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാണ്. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസും കാണിക്കണം.

യുഎഇ ദേശീയ ദിന, സ്മാരകദിന അവധി ദിവസങ്ങളിൽ അബുദാബിയിൽ പാർക്കിങ്ങും, ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. നാളെ പുലർച്ചെ 12.01 മുതൽ 4ന് രാവിലെ 7.59 വരെയാണ് സൗജന്യം. നഗരത്തിലും മുസഫ വ്യവസായ മേഖലാ പാർക്കിങ് എം18 തുടങ്ങി പേയ്ഡ് പാർക്കിങ് മേഖലകളിലെല്ലാം ഇളവുണ്ടാകും.

എന്നാൽ റെസിഡൻസി പെർമിറ്റുകാർക്ക് സംവരണം ചെയ്തയിടങ്ങളിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുത്. നിരോധിത സ്ഥലങ്ങളിലോ മറ്റു വാഹനങ്ങൾക്കോ യാത്രയ്ക്കോ തടസ്സമുണ്ടാക്കും വിധമോ പാർക്കു ചെയ്യരുത്. നിയമലംഘകർക്ക് 200 ദിർഹം പിഴ ചുമത്തുന്നതിനു പുറമെ വാഹനം നഗരസഭാ യാഡിലേക്കു മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.