
സ്വന്തം ലേഖകൻ: രാജ്യം നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്ര നിര്‍മാണത്തില്‍ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് യുഎഇ ഭരണാധികാരി. അബൂദാബി കിരീടാവകാശിയും സായുധ സേനാ വിഭാഗങ്ങളുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ പ്രവാസികളുടെ സംഭാവനകളെ വിലമതിച്ചത്.
രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയിലും വിജയത്തിലും യുഎഇയെ സ്വന്തം നാടായി കാണുന്ന മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തമുണ്ടെന്ന് ശെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിജയ പാതയിലേക്ക് നയിക്കാന്‍ ആ രാജ്യത്തിലെ ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാവില്ല. അതിന് പുറത്തു നിന്നുള്ളവരുടെ കൂടി സഹായം അനിവാര്യമാണ്.
രാജ്യത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ യാത്രയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തെ മികച്ച ഭാവിയിലേക്ക് നയിക്കാന്‍ തങ്ങളുടെ ഊര്‍ജവും പ്രതിഭയും സര്‍ഗാത്മകതയും നല്‍കാന്‍ തയ്യാറുള്ള മുഴുവന്‍ ആളുകള്‍ക്കുമായി വാതില്‍ തുറന്നു വച്ച രാജ്യമാണ് യുഎഇയെന്നും ദേശീയ ദിനാഘോഷ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തില്‍ അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും ഒത്തൊരുമയുമാണ് ഏറ്റവും വലിയ ശക്തി സ്രോതസ്സെന്നും അബൂദാബി കിരീടാവകാശി പറഞ്ഞു. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഭാവിയിലേക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയും അതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദ്ഭാവനയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ എന്നും യുഎഇ നിലകൊണ്ടത്. ലോകത്തെവിടെയുമുള്ള മനുഷ്യ രാശിയുടെ നന്‍മയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യം തുടരും. ലോകത്തെ ജനങ്ങള്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ഭാവിയിലേക്കുള്ള യാത്രയ്ക്ക് രാജ്യം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികരെയും ദേശീയ ദിനത്തില്‍ അദ്ദേഹം അനുസ്മരിച്ചു.
സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020 കൂടി നടക്കുന്നതോടെ രാജ്യം മുഴുവന്‍ ആഘോഷത്തിലാണ്. ഹത്തയിലാണ് ഇത്തവണ ഔദ്യോഗിക പരിപാടികള്‍ നടക്കുന്നത്. ഇന്ന് വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ നടക്കുക. ഇവിടേക്ക് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വിവിധ ചാനലുകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തത്സമയ സംപ്രേക്ഷണം നടത്തും. പിന്നീട് ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതു ജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവദിക്കും.
ഡിസംബര്‍ 2,3 തീയതികളില്‍ ആണ് വെടിക്കെട്ട് നടക്കുന്നത്. ദുബായിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളില്‍ വെച്ചാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറത്തില്‍ അലങ്കിരിച്ച് തുടങ്ങി. ഐന്‍ ദുബായ്, ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ദി ഫ്രെയിം ദുബായ് എന്നിവിടങ്ങളില്‍ അലങ്കാര പണികള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 2,3 തീയതികളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 വരെ ഈ കെട്ടിടങ്ങള്‍ എല്ലാം യുഎഇ ദേശീയ ദേശീയ പതാകയുടെ നിറം ആയിരിക്കും.
ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, അബുദാബി യാസ് ഐലന്‍ഡ്, ദുബായ് ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, കോര്‍ണിഷ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ആണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല