1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2021

സ്വന്തം ലേഖകൻ: രാജ്യം അമ്പതാം വാര്‍ഷികം ആഘോഷി വേളയില്‍ പുതിയ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ജനങ്ങള്‍ക്ക് ഗോള്‍ഡന്‍ ജൂബിലി സമ്മാനമായാണ് 200 ബില്യണ്‍ ദിര്‍ഹമിന്റെ യാത്രാ റെയില്‍വേ പദ്ധതി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തിയത്.

നിലവില്‍ യുഎഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുക. യുഎഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാനാണ് പുതിയ പദ്ധതി.

പുതിയ റെയില്‍വേ പദ്ധതി നിലവില്‍ വരുന്നതോടെ ദുബായില്‍ നിന്ന് അബൂദാബിയിലേക്കുള്ള യാത്രാ സമയം 50 മിനുട്ടായി ചുരുങ്ങും. അബൂദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം 100 മിനുട്ടായും കുറയുമെന്നും ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യാത്രാ റെയില്‍ പദ്ധതിക്ക് 200 ബില്യന്‍ ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.

20,000 കോടി ദിര്‍ഹമിന്റെ വരുമാനമാണ് പദ്ധതി വഴി പ്രതീക്ഷിക്കുന്നത്. എന്നാല്‍ യാത്രാ റെയില്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായി നിര്‍മിക്കുന്ന യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ കിഴക്കേ അറ്റമായ ഫുജൈറ മുതല്‍ സൗദി അതിര്‍ത്തിക്ക് സമീപമുള്ള സില വരെ നീണ്ടുകിടക്കുന്ന നൂറു കണക്കിന് സ്റ്റേഷനുകള്‍ യാത്രാ റെയിലിന്റെ ഭാഗമായി നിര്‍മിക്കും.

പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്തിന്റെ 50 വര്‍ഷത്തെ പുരോഗതിയില്‍ സുപ്രധാന നാഴികക്കല്ലായി അത് മാറുമെന്ന് ദുബായ് ഭരണാധികാരി അഭിപ്രായപ്പെട്ടു. യുഎഇയിലെ 11 നഗരങ്ങളെയും തുറമുഖങ്ങളെ യും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖലയുടെ ആദ്യഘട്ടം 2016ല്‍ പൂര്‍ത്തീകരിച്ചിരുന്നു. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ഇതിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇതിന്റെ ഭാഗമായുള്ള ടണലിനു വേണ്ടിയുള്ള തുരങ്കങ്ങള്‍ എടുക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. യുഎഇയിലെ ഹജര്‍ പര്‍വതം തുരച്ച് നിര്‍മിക്കുന്ന തുരങ്കം ജിസിസിയിലെ തന്നെ ഏറ്റവും വലുതാണ്. ഏഴു കിലോമീറ്റര്‍ നീളത്തില്‍ ഒന്‍പത് ടണലുകളായി ഇതിനായി നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ 1200 കിലോമീറ്റര്‍ ദൂരത്തില്‍ ചരക്കു നീക്കം സാധ്യമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.