
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വരുന്ന ഗോൾഡൻ, സിൽവർ വിസക്കാർക്ക് യാത്രയില്‍ ഇളവ് നല്‍കി. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ അനുമതി വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയിരിക്കുന്നത്.
എയർ ഇന്ത്യ ട്രാവൽ ഏജൻറുമാർക്ക് നൽകിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യയിൽ നിന്ന് വരുന്ന ദുബായ് വിസ ഉള്ള യാത്രക്കാര്‍, ജിഡിആർഎഫ്എയുടെയും മറ്റു എമിറേറ്റുകളിലെ വിസയിലുള്ളവർ എന്നിവർക്ക് ഐസിഎയുടെയും അനുമതി വേണമെന്നാണ് മാനദണ്ഡം.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. അഞ്ചുവർഷത്തേക്ക് അനുവദിക്കുന്നതാണ് സിൽവർ വിസ. ഇവര്‍ക്കാണ് യാത്രകളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. നേരത്തേ യാത്ര വിലക്കിന്‍റെ സമയത്തും ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ യാത്രകളുടെ പൊതു നിബന്ധനകളില്‍ മാറ്റമില്ലെന്ന് എയർ ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നു. 48 മണിക്കൂറിനിടയിലെ കൊവിഡ് പരിശോധന ഫലം നടത്തിയിരിക്കണം. ആറുമണിക്കൂറിനിടയില്‍ നടത്തിയ പിസിആര്‍ പരിശോധനാ ഫലം വേണം. ആ നിബന്ധകളിൽ മാറ്റമില്ലെന്നും എയർ ഇന്ത്യ സർക്കുലറിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല