1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. സ്വന്തം സ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്. ഇങ്ങനെയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ ഏർപ്പെട്ടിരിക്കണമെന്നും വ്യക്തമാക്കി.

ഇത്തരക്കാരുടെ ഇൻഷൂറൻസ് തുക കമ്പനിയാണ് വഹിക്കേണ്ടത്. ഇതേസമയം ജോലിക്കാരല്ലാത്ത ഗോൾഡൻ വിസക്കാർ ഇൻഷൂറൻസ് ചെലവ് സ്വയം വഹിക്കണം. നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ജോലിക്കാർക്കും അല്ലാത്തവർക്കുമായി ആരോഗ്യ ഇൻഷൂറൻസ് 2 വിഭാഗമാക്കി തിരിച്ചിട്ടുണ്ട്.

ജോലിയില്ലാത്ത ദീർഘകാല വിസക്കാരും കുടുംബാംഗങ്ങളും യുഎഇയിൽ താമസ വീസാ കാലാവധി കണക്കാക്കിയാണ് ഇൻഷൂറൻസ് എടുക്കേണ്ടത്. ജോലിക്കാർക്ക് വാർഷിക ഇൻഷൂറൻസാണ് കമ്പനി നൽകുക. ഇൻഷൂറൻസ് എടുക്കാത്തവർ സ്വന്തം നിലയ്ക്ക് ചികിത്സാ ചെലവ് വഹിക്കാമെന്ന സമ്മതപത്രം നൽകണം. അബുദാബിയിലെ താമസം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം.

അബുദാബി റെസിഡന്റ്‌സ് ഓഫീസുമായി ചേർന്ന് ഗോൾഡൻ വിസ അപേക്ഷാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. അബുദാബി താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസന വിഭാഗം എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സമേഹ് അൽ ഖുബൈസി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.