
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസ നേടുന്നതിന് 4 നിബന്ധനകൾ ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടുന്നവർക്ക് ഗോൾഡൻ വീസ ലഭിക്കും. വിദ്യാർഥിയുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) 3.5ൽ കുറയരുത്. ബിരുദം നേടി 2 വർഷം കവിയാൻ പാടില്ല. സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. എ, ബി നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ശുപാർശക്കത്തു സഹിതമാണ് അപേക്ഷിക്കേണ്ടത്.
യുഎഇയിൽ എ നിലവാരമുള്ള സർവകലാശാലകളിൽ പഠിച്ച വിദേശ വിദ്യാർഥികൾക്കു ജിപിഎ 3.5, ബി നിലവാരമുള്ള സർവകലാശാലാ വിദ്യാർഥികൾക്ക് 3.8 പോയിന്റ് ഉണ്ടെങ്കിൽ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. യുഎഇയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളിൽ 95% മാർക്കു നേടിയവരും 5 വർഷത്തെ ഗോൾഡൻ വീസയ്ക്ക് അർഹരാണ്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിൽനിന്നുള്ള ശുപാർശക്കത്ത് ഹാജരാക്കണം. യുഎഇയിൽ പഠനം തുടരുന്നവർക്ക് 5 വർഷത്തേക്കു കൂടി വീസ നീട്ടി നൽകും. പുതിയ നിയമം അനുസരിച്ച് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആൺമക്കളെ 25 വയസ്സുവരെ രക്ഷിതാക്കൾക്ക് സ്പോൺസർ ചെയ്യാം. 25 വയmdmനുശേഷവും ആൺമക്കൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയതിന്റെ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷ കാലയളവിലേക്കു പുതുക്കി നൽകും.
അതേസമയം പെൺകുട്ടികൾ പഠിക്കുന്ന കാലയളവു വരെ പ്രായം പരിഗണിക്കാതെ സ്റ്റുഡൻസ് വീസ ലഭിക്കും. ഗോൾഡൻ വീസ ലഭിച്ച വിദ്യാർഥികൾക്ക് മതിയായ സാമ്പത്തിക ശേഷിയും പാർപ്പിട സൗകര്യവും ഉണ്ടെങ്കിൽ കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവന്ന് താമസിപ്പിക്കാനും അനുമതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല