
സ്വന്തം ലേഖകൻ: യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറയുന്നു. 14 സർക്കാർ സേവനങ്ങൾക്ക് ഫീസുകൾ കുറച്ചു. ചിലതിന് ഫീസ് ഒഴിവാക്കുകയും ചെയ്തു. നിക്ഷേപകരെയും ചെറുകിട, ഇടത്തരം സംരംഭകരെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.
വിദേശ നിക്ഷേപം ആകർഷിച്ച് വ്യവസായ മേഖലകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. എണ്ണയിതര സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി നേരത്തെ കമ്പനികൾക്ക് 100% ഉടമസ്ഥാവകാശം നൽകിയിരുന്നു. വീസ നടപടികൾ ലഘൂകരിക്കുകയും സർക്കാർ ഫീസിൽ ഗണ്യമായ കുറവു വരുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇടപാടിൽ 25% വർധനയാണ് പ്രതീക്ഷിക്കുന്നത്.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യുഎഇയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു. ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് 2020 റിപ്പോർട്ട് പ്രകാരം 16ാം സ്ഥാനത്താണ് യുഎഇ.
വാഷിങ്ടൺ ആസ്ഥാനമായുള്ള ലെൻഡറുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിൽ ബിസിനസ് ചെയ്യാൻ എളുപ്പമുള്ള സ്കോർ 100ൽ 80.9 നേടിയിരുന്നു. 2021ൽ ആരംഭിച്ച ഓപ്പറേഷൻ 300 ബില്യൺ പ്രോഗ്രാമിന്റെ ഭാഗമായി 2031നകം മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വ്യാവസായിക മേഖലയുടെ സംഭാവന 30,000 കോടി ദിർഹമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല