
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 1 മുതൽ പുതിയ നിബന്ധന വരുന്നു. വാക്സിൻ എടുക്കാത്തവർ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് എത്തുന്നവർ എന്നിവർക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
അതിനിടെ വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് വരാൻ എത്രയും വേഗം സൗകര്യമൊരുക്കണമെന്ന് യുഎഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ആവശ്യപ്പെട്ടു. യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയുമായി നടത്തിയ ചർച്ചയിലാണ് പവൻ കപൂർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുടെ എക്സ്പോ പവിലിയന്റെ നിർമാണം വിലയിരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം അഡീ. സെക്രട്ടറിയും കമ്മിഷണർ ജനറലുമായ എസ്.കിഷോറിന്റെ നേതൃത്വത്തിൽ സംഘം എത്തിയ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
യാത്രാവിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പവൻകപൂർ കോവിഡിനെതിരെ യുഎഇ നടത്തിയ വ്യാപക പരിശോധനയേയും വാക്സിനേഷനെയും അഭിനന്ദിച്ചു. ഇന്ത്യയിൽ ലഭ്യമാകുന്ന വാക്സിൻ യുഎഇയിൽ അംഗീകരിക്കുന്നത് സംബന്ധിച്ചും ഇന്ത്യയുടെ കോവിൻ ആപ്പും യുഎഇയുടെ അൽ ഹോസൻ ആപ്പും തമ്മിൽ പരസ്പരം ഉപയോഗപ്പെടുത്തുന്നതിന്റെ പ്രായോഗിക സാധ്യതകൾ സംബന്ധിച്ചും ചർച്ച നടത്തി.
8736 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇന്ത്യൻ പവിലിയൻ നിർമിക്കുന്നത്.പവിലിയൻ അടുത്തമാസം പൂർത്തിയാകും. ഇന്റീരിയർ ജോലികൾ ജൂലൈ രണ്ടാം വാരത്തോടെ പൂർത്തിയായേക്കും. സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന 600 വർണ ബ്ലോക്കുകൾ കൊണ്ടാണ് പവിലിയന്റെ പുറംഭാഗം നിർമിച്ചത്. ഇവയിൽ ഇന്ത്യൻ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ദൃശ്യവത്ക്കരിക്കാൻ സാധിക്കും.
ഇന്ത്യയുടെ സംസ്കാര വൈവിധ്യങ്ങൾ വ്യക്തമാക്കുന്ന പവിലിയനിൽ യോഗയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. പുരാതന കാലം മുതൽ ബഹിരാകാശ കുതിപ്പു വരെ നടത്തിയ ഇന്ത്യയുടെ വിവിധ വളർച്ചാഘട്ടങ്ങൾ പവിലിയനിൽ കാണാം. ദീപാവലി, ഹോളി ആഘോഷങ്ങളും ഇത്തവണ പവിലിയനിൽ വിപുലമായി ആഘോഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല