1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2019

സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതു, സ്വകാര്യ മേഖല അവധികള്‍ ഏകീകരിച്ച് വിജ്ഞാപനം. സര്‍ക്കാര്‍സ്വകാര്യ മേഖല അവധി ഏകീകരണത്തിന് അനുമതി നല്‍കി യുഎഇ മന്ത്രിസഭ. 2019,2020 മുതല്‍ സര്‍ക്കാര്‍ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗള്‍ഫ് മേഖലയില്‍ തന്നെ മികച്ച ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.സ്വകാര്യ പൊതു മേഖലകളില്‍ സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2019,2020 വര്‍ഷത്തെ പൊതു അവധികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു പെരുന്നാളുകള്‍ക്കും രണ്ടു മേഖലകളിലും നാലു ദിവസത്തെ അവധി ലഭിക്കും. ജനുവരി ഒന്നിനു പുറമെ ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ മുഹറം ഒന്നിനും അവധിയായിരിക്കും. സ്മരണദിനമായ ഡിസംബര്‍ ഒന്ന്, ദേശീയദിനാചരണ ഭാഗമായി ഡിസംബര്‍ രണ്ട്, മൂന്ന് തുടങ്ങിയവയും ഈ വര്‍ഷത്തെ പൊതു അവധികളില്‍ ഉള്‍പ്പെടും.

സ്മരണദിന അവധി ഡിസംബര്‍ ഒന്നിനും ദേശീയദിന അവധികള്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും ആയതിനാല്‍ അവ ഒന്നിച്ച് ലഭിക്കും. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് പൊതു മേഖലയിലുള്ളവര്‍ക്ക് അഞ്ച് ദിവസം ലഭിക്കും. അതേസമയം, ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷ അവധിയായി പ്രഖ്യാപിച്ച ആഗസ്റ്റ് 23 വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയാണ് ഈ വര്‍ഷം.

ആകെയുള്ള അവധി ദിനങ്ങള്‍ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായിരിക്കും. ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്ന രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനുമാണ് തീരുമാനം.

2019ലെ അവധി ദിനങ്ങള്‍

1. ഈദുല്‍ ഫിത്വര്‍ (അറബി മാസം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ)
2. അറഫ ദിനം (അറബി മാസം ദുല്‍ഹദജ്ജ് 9)
3. ഈദുല്‍ അദ്ഹ (അറബി മാസം ദുല്‍ഹജ്ജ് (10 മുതല്‍ 12 വരെ)
4. ഹിജ്‌റ പുതുവര്‍ഷം (അറബി മാസം മുഹറം 1)
5. സ്മരണ ദിനം (ഡിസംബര്‍ 1)
6. ദേശീയ ദിനം (ഡിസംബര്‍ 2 മുതല്‍ 3 വരെ)

2020ലെ പൊതു അവധി ദിനങ്ങള്‍

1. പുതുവര്‍ഷാരംഭം (ജനുവരി 1)
2. ഈദുല്‍ ഫിത്വര്‍ (അറബി മാസം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ)
3. അറഫ ദിനം (അറബി മാസം ദുല്‍ഹദജ്ജ് 9)
4. ഈദുല്‍ അദ്ഹ (അറബി മാസം ദുല്‍ഹജ്ജ് (10 മുതല്‍ 12 വരെ)
5. ഹിജ്‌റ പുതുവര്‍ഷം (അറബി മാസം മുഹറം 1)
6. സ്മരണ ദിനം (ഡിസംബര്‍ 1)
7. ദേശീയ ദിനം (ഡിസംബര്‍ 2 മുതല്‍ 3 വരെ)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.