1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2021

സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ, ബഹ്റൈൻ ഉൾപ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, മൗറീഷ്യസ്, മംഗോളിയ, ന്യുസിലൻഡ്, സൗദിഅറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.

അതതു രാജ്യത്തെ കൊവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്. നേരത്തെ 17 രാജ്യങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്. 12 ഗ്രീൻ രാജ്യങ്ങളിൽനിന്നു അബുദാബിയിലേക്കു വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല.

എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കും. ഫലം വരുന്നതുവരെ സന്ദർശകർ സ്വയം നിരീക്ഷണത്തിൽ കഴിയണം.

കൊവിഡ് നിയന്ത്രണം ശക്തമാക്കിയ യുഎഇയിൽ വാക്സീൻ 6 ആഴ്ചത്തേക്കു വയോധികർക്കും ഗുരുതര രോഗമുള്ളവർക്കും മാത്രമാക്കി. ഷോപ്പിങ് മാൾ, ഹോട്ടൽ, കായിക, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണവും മരണം, വിവാഹം തുടങ്ങിയ അവസരങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി.

കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തവർക്കു രണ്ടാമത്തെ ഡോസ് ലഭിക്കും. നേരത്തെ ബുക്ക് ചെയ്തു തീയതി കിട്ടിയവർക്കും നിശ്ചിത ദിവസം കുത്തിവയ്പ് എടുക്കാം. 6 ആഴ്ചയ്ക്കുശേഷം മറ്റുള്ളവർക്കു കൂടി വാക്സീൻ ലഭ്യമാക്കാനാണ് പദ്ധതി. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പ്രായമായവർക്കുള്ള കരുതൽ ശക്തമാക്കിയത്. ഗുരുതര രോഗമുള്ളവരും പ്രായമായവരും എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.

സർക്കാർ, അർധ സർക്കാർ ജീവനക്കാരിൽ 30% പേർ മാത്രം നേരിട്ട് ഓഫിസിൽ എത്തിയാൽ മതി. 70% പേർക്കും വീട്ടിലിരുന്നു ജോലി ചെയ്യാം. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥർ, 60 വയസ്സിനു മുകളിലുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ഗുരുതര അസുഖമുള്ളവർ എന്നിവർക്കെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാം.

വാക്സീൻ എടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണം. വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ‘ഇ’/’സ്റ്റാർ’ മുദ്രയോടെ അൽഹൊസൻ ആപ്പിൽ ആക്ടീവ് ആണെങ്കിൽ പ്രതിവാര ടെസ്റ്റിൽ ഇളവുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.