1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നത്. സാധാരണ വിമാന സർവീസ് തുടങ്ങിയിട്ടില്ല.

സ്കൂളുകൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ നേരത്തേ നാട്ടിൽ ‍പോയി കുടുങ്ങിയവരും തിരിച്ചെത്തുന്നുണ്ട്. വന്ദേഭാരത്, ചാർട്ടേ‍‍‍ഡ് വിമാനങ്ങളിൽ നാട്ടിലേക്കു പോയവരും യുഎഇയിലെ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്ന് തിരിച്ചുവന്നു ജോലിയിൽ പ്രവേശിച്ചു തുടങ്ങി. വീസാ കാലാവധി കഴിഞ്ഞ് നാട്ടിൽ കഴിയുന്നവരും ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി ലഭിച്ചതോടെ തിരിച്ചു വരുന്നുണ്ട്.

അബുദാബി, ഷാർജ വിമാനത്താവളത്തിലേക്കാണ് യാത്രക്കാർ കൂടുതലായി എത്തുന്നത്. ഐസിഎ റജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചതാണ് ഇതിനു കാരണം.. ജിഡിആർഎഫ്എ അനുമതി കർശനമായതിനാൽ ദുബായിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇതര എമിറേറ്റുകളെ അപേക്ഷിച്ചു കുറവാണ്.

എന്നാൽ ഇവിടെ ടൂറിസ്റ്റ് വീസക്കാരെ നേരത്തെ തന്നെ സ്വീകരിച്ചതുകൊണ്ട് ഒട്ടേറെ സന്ദർശകരെത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലെത്തുന്ന വന്ദേഭാരത് വിമാനങ്ങളിലാണ് യാത്രക്കാർ യുഎഇയിൽ തിരിച്ചെത്തുന്നത്. കൂടാതെ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, ഫ്ളൈ ദുബായ്, എമിറേറ്റ്സ് എന്നിവയുടെ പ്രത്യേക വിമാനങ്ങളിലും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു.

ഓണം കൂടി കഴിയുന്നതോടെ യുഎഇയിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് നിഗമനം. ഇതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ രോഗബാധിതയുടെ എണ്ണത്തിൽ നേരിയ വർധന പ്രകടമാകുന്നതിനാൽ രാജ്യാന്തര യാത്രാ നിയമത്തിൽ മാറ്റം വന്നേക്കാമെന്ന സൂചനയുമുണ്ട്.

സന്ദർശക വിസകൾ നൽകിത്തുടങ്ങുകയും കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്തതോടെ ദുബായ് വീണ്ടും പഴയ പ്രതാപത്തിലേക്ക് അതിവേഗം മടങ്ങുകയാണ്. ഓരോദിവസം കഴിയുന്തോറും സന്ദർശകർ കൂടിക്കൂടി വരുന്നത് ദുബായിയുടെ വാണിജ്യ, ടൂറിസം കേന്ദ്രങ്ങൾക്ക് ഉണർവ് നൽകിത്തുടങ്ങി.

വിനോദസഞ്ചാരികൾക്കായി രാജ്യത്തിന്റെ അതിർത്തികൾ തുറന്നിട്ട യു.എ.ഇ.യുടെ കൊവിഡ് പ്രതിരോധ, സുരക്ഷാ നടപടികളിൽ സന്ദർശകർ സംതൃപ്തരാണ്. ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയ സഞ്ചാരികൾ അവർക്ക് ലഭിച്ച മികച്ച സ്വീകരണത്തെയും സേവനത്തെയും കുറിച്ചും മറ്റുള്ളവരുമായി പങ്കുവെക്കുമെന്നും അവരുടെ അനുഭവങ്ങൾ കൂടുതൽ ടൂറിസ്റ്റുകൾക്ക് വരാൻ പ്രചോദനമാകുമെന്നും ദുബായ് എയർപോർട്ട്- എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷകിതി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.