
സ്വന്തം ലേഖകൻ: യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഫെബ്രുവരി ഒമ്പതിന് അവസാനിക്കുന്നത് ഏഴു മാസത്തെ യാത്രയാണ്. യുഎഇ സമയം രാത്രി 7.42-നു മുമ്പുള്ള നിമിഷങ്ങളാണ് ഇനിയേറെ നിർണായകം.
ചൊവ്വയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം പെട്ടെന്ന് നീങ്ങുന്നതോടെ മിഷൻ കൺട്രോൾ സെന്ററും ഉപഗ്രഹവും തമ്മിലുള്ള ആശയവിനിമയത്തിൽ 11 മുതൽ 22 മിനിറ്റുവരെ കാലതാമസം വരാൻ സാധ്യതയുണ്ടെന്നാണ് മിഷൻ ഓപ്പറേഷൻ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ സക്കരയ്യ ഹുസൈൻ അൽ ഷംഷി വ്യക്തമാക്കിയിരുന്നത്.
ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോൾ ഹോപ്പ് പ്രോബിന്റെ ആറ് ത്രസ്റ്ററുകളും (ദിശ മാറ്റാനുള്ള ചെറിയ റോക്കറ്റുകൾ) പ്രവർത്തനക്ഷമമാകും. പേടകത്തിന്റെ വേഗം കുറയ്ക്കാനാണിത്. പേടകത്തിന്റെ നിലവിലുള്ള 1,21,000 കിലോമീറ്റർ വേഗം 18,000 കിലോമീറ്ററാക്കുക എന്നത് നിർണായകമാണ്.
രണ്ടിലേറെ ത്രസ്റ്ററുകൾ പ്രവർത്തിക്കാതിരുന്നാൽ ദൗത്യം പരാജയപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം എപ്രകാരമാകുമെന്ന ആകാംക്ഷയിലാണ് ശാസ്ത്രജ്ഞർ. ഭ്രമണപഥത്തിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയുടെ ചിത്രങ്ങൾ അയച്ചുതുടങ്ങും. പേടകത്തിന് ഒരൊറ്റ ചുറ്റലിന് വേണ്ടിവരുക 55 മണിക്കൂറാണ്.
ഭൂമിയിലെ 687 ദിവസങ്ങൾകൊണ്ട് വിവരശേഖരണം പൂർണമായും നടത്തും. ഇത്രയുംകാലം ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതാദ്യമായായിരിക്കും ലോകത്തിന് ലഭിക്കാൻ പോകുന്നത്. 200 ഇരുനൂറിലേറെ ബഹിരാകാശ പഠന കേന്ദ്രങ്ങളിലേക്കും ചൊവ്വയുടെ വിവരങ്ങൾ കൈമാറുന്നുണ്ട്.
ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്. 49.4 കോടി കി.മീ ദൂരം സഞ്ചരിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ അതിനും മുൻപ് കുതിച്ചു പാഞ്ഞ യുഎഇയുടെ സ്വപനങ്ങളാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്. 687 ദിവസം ഹോപ് പ്രോബ് ചൊവ്വയെ വലം വയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല