
സ്വന്തം ലേഖകൻ:കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി യുഎഇയുടെ ഹോപ്പ് പ്രോബ് തിങ്കളാഴ്ച പുലർച്ച 1.58ന് ചൊവ്വയിലേക്ക് കുതിപ്പ് തുടങ്ങും. അറബ് ലോകത്തെ ആദ്യ ചൊവ്വാ ദൌത്യമെന്ന ബഹുമതിയുമായാണ് മിത്സുബിഷിയുടെ എം.എച്ച്.ഐ എച്ച് ടു എ റോക്കറ്റിൽ ഹോപ് യാത്ര തുടങ്ങുന്നത്.
രണ്ടു തവണ വിക്ഷേപണം മുടങ്ങിയതിനെ തുടർന്ന് കാലാവസ്ഥ നിരീക്ഷകരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ വിക്ഷേപിക്കാൻ തീരുമാനിച്ചത്. 735 ദശലക്ഷം ദിർഹമാണ് ഹോപ്പിന്റെ ചെലവ്.
“രാജ്യവും ജനങ്ങളും ചരിത്രനിമിഷത്തിനായി കാതോർത്ത് കാത്തിരിക്കുകയാണെന്നറിയാം. കാലാവസ്ഥയാണ് നമുക്ക് മുന്നിലെ തടസ്സം. സുരക്ഷിതമായ കുതിപ്പിനാണ് ഹോപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചത്. നിങ്ങൾ ആത്മാർഥമായും ആത്മസമർപ്പണത്തോടെയുമാണ് ജോലിചെയ്തത്. അതിനാൽ ദൈവം നിങ്ങളെ നിരാശരാക്കില്ല. ഹോപ് കുതിക്കുകതന്നെ ചെയ്യും. അത് ചരിത്രമെഴുതും,” മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചെയർമാൻ ഹമദ് അൽ മൻസൂരി കഴിഞ്ഞ ദിവസം ഹോപ്പ്പിന്റെ അണിയറ ശിൽപികൾക്കയച്ച കത്തിലെ വാക്കുകളാണിത്.
ജപ്പാനിലെ തനെഗാഷിമ െഎലൻഡിലെ സ്പേസ് സെൻററിൽ നാലുദിവസമായി കുതിക്കാൻ വെമ്പിനിൽക്കുന്ന ഹോപ് പ്രോബിനെ പോലെ കാത്തിരിപ്പിലാണ് അറബ് ലോകം. ആ കാത്തിരിപ്പിന് ഇന്ന് രാത്രി അറുതിയാവുമെന്ന് ആശിക്കാം.
ഏഴു മാസത്തെ പ്രയാണത്തിനൊടുവിൽ യു.എ.ഇയുടെ സുവർണ ജൂബിലി വർഷമായ 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വയിലിറങ്ങും. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കൽ, കാലാവസ്ഥ നിരീക്ഷണം, ചൊവ്വയുടെ പൂർണ ചിത്രങ്ങൾ എടുക്കൽ തുടങ്ങിയവയാണ് ഹോപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2117ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലം ഒരുക്കുമെന്ന യു.എ.ഇയുടെ പ്രഖ്യാപനത്തിന്റെ ആദ്യ പടികൂടിയാണ് ഹോപ്പിന്റെ യാത്ര. തത്സമയ സംപ്രേഷണം വിവിധ ചാനലുകളിലും എമിറേറ്റ്സ് മിഷന്റെ വെബ്സൈറ്റിലും ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല