
സ്വന്തം ലേഖകൻ: ഹൂതി ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്) ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബർ സന്ദർശിച്ചു. മുസഫ ഐകാഡ് മൂന്നിലുണ്ടായ സ്ഫോടനത്തിൽ 2 ഇന്ത്യക്കാരടക്കം 3 പേരാണ് കൊല്ലപ്പെട്ടത്. 2 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സംസാരിച്ച മന്ത്രി രാജ്യത്തിന്റെ അനുശോചനവും പിന്തുണയും അറിയിച്ചു.
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെയും പാക്കിസ്ഥാൻ സ്ഥാനപതി അഫ്സൽ മഹ്മൂദിനെയും മന്ത്രി അനുശോചനം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെയെന്നും ആശംസിച്ചു. ഹൂതി ഡ്രോൺ ആക്രമണത്തിൽ മരിച്ച 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ അമൃത്‌സറിലെത്തും. പാക്കിസ്ഥാൻ പൗരന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു.
17ന് നടന്ന സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചിട്ടും പേരുവിവരങ്ങൾ ഇതുവരെ യുഎഇ സർക്കാർ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ആറു പേരിൽ 2 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും ഇവർ ആശുപത്രി വിട്ടതായും നേരത്തേ അറിയിച്ചിരുന്നു.
അതിനിടെ, യെമനിലെ ഹൂതികളെ ഭീകരസംഘടനയായി വീണ്ടും പ്രഖ്യാപിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുഎസിലെ യുഎഇ സ്ഥാനപതി യൂസഫ് അൽ ഉതൈബ ഇക്കാര്യം ബൈഡൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബൈഡന്റെ നിലപാട് യുഎഇ സ്വാഗതം ചെയ്തു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലും മുസഫയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപവുമായിരുന്നു ഡ്രോൺ ആക്രമണങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല