1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഇൗ മാസം 14ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് ആദ്യം നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയ യാത്രക്കാർക്കും യുഎഇയിലേക്കു നേരിട്ടു പ്രവേശിക്കാനാവില്ല. ഇതേസമയം യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു യാത്രക്കാരെ കൊണ്ടുപോകുന്നതിനു തടസ്സമില്ല. ഇരുരാജ്യങ്ങളിലേക്കുമുള്ള ചരക്കു വിമാനങ്ങൾക്കും സേവനം തുടരാം. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണു നിയന്ത്രണങ്ങൾ.

യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, യുഎഇയിലെ ഗോൾഡൻ വീസയുള്ളവർ എന്നിവർക്കും സ്വകാര്യ വിമാനങ്ങളിലെത്തുന്ന വ്യവസായികൾക്കും യുഎഇയിലേക്കു വരാൻ ഉപാധികളോടെ ഇളവുണ്ട്. യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത ക്യൂആർ കോഡ് സഹിതമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി യുഎഇയിലെത്താം. 10 ദിവസത്തെ ക്വാറന്റീനുണ്ടാകും. വിമാനത്താളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുക്കണം.

കോവിഡ് തീവ്രത കുറഞ്ഞ ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്ത്യക്കാർക്കു യുഎഇയിലേക്കു വരാൻ അനുമതിയുണ്ട്. വിലക്കു മൂലം യാത്ര മുടങ്ങിയവർ അതാതു എയർലൈനുമായി ബന്ധപ്പെട്ടു യാത്രാ തീയതി മാറ്റിയെടുക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പുതിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ വീസ കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.