1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ എൻജിനീയറിങ് കമ്പനികൾക്കു വാതിൽ തുറന്ന് യുഎഇ. ദുബായിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി കൈകോർത്ത് വ്യാപാരം വ്യാപിപ്പിക്കാനും കയറ്റുമതി വർധിപ്പിക്കാനും വിവിധ കമ്പനികൾ ധാരണയായി. ഇന്ത്യൻ എംബസിയും ദുബായ് ചേംബറുമായി ചേർന്നു സംഘടിപ്പിച്ച വ്യാപാര സംഗമത്തിലാണ് ഇരു രാജ്യങ്ങളിലെയും വൻകിട കമ്പനികൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള പുതിയ സാഹചര്യത്തിൽ ദുബായ് തുറമുഖം വഴിയുള്ള കയറ്റുമതി സാധ്യത വലുതാണെന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വിലയിരുത്തി. ചൈന കഴിഞ്ഞാൽ ഏറ്റവും അധികം എൻജിനീയറിങ് സാധനങ്ങൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയാണ്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 5 ശതമാനം യുഎഇയാണ്. കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ബിസിനസ് മീറ്റ്.

ഏഷ്യൻ ഭൂഖണ്ഡത്തിൽ യുഎഇയുടെ തന്ത്രപ്രധാന സ്ഥാനം ഇന്ത്യയുടെ വ്യവസായ വളർച്ചയ്ക്ക് ഗുണകരമാണെന്നു സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കും എളുപ്പത്തിൽ വ്യാപാരം വളർത്താൻ ദുബായ് തുറമുഖം വഴി ഇന്ത്യയ്ക്കു സാധിക്കും. കയറ്റുമതിക്കു പുറമെ, പുനർ കയറ്റുമതി സാധ്യമാക്കുന്നതാണ് ഇരു രാജ്യങ്ങളുമായുള്ള വ്യാപാര സഹകരണ കരാർ.

ഈ സാധ്യത പ്രയോജനപ്പെടുത്തുന്നതു വഴി ഇന്ത്യൻ കമ്പനികൾക്ക് ഏഷ്യ മുഴുവൻ സ്വാധീനം ഉറപ്പിക്കാൻ കഴിയും. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ ചെയർമാൻ അഹമ്മദ് സുൽത്താൻ ബിൻ സുലായം, ദുബായ് ചേംബർ ഡയറക്ടർ ഒമർ ഖാൻ, സ്റ്റീൽ മാനുഫാക്ചറിങ് ഗ്രൂപ്പ് ചെയർമാൻ ഭാരത് ഭാട്ടിയ, ഇന്ത്യൻ എംബസി വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി രാജീവ് അറോറ, എൻജിനീയറിങ് എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഡയറക്ടർ ഗുർവീന്ദർ സിങ് എന്നിവർ പ്രസംഗിച്ചു.

യുഎഇ പെട്രോളിയം കമ്പനി അഡ്നോക്, ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, അബുദാബി പോർട്സ്, ദുബായ് പോർട്ട് വേൾഡ്, ഫുജൈറ ഫ്രീസോൺ, എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം, സ്റ്റീൽ മാനുഫാക്ചർ ഗ്രൂപ്പ്, ടാറ്റാ സ്റ്റീൽ, എൽ ആൻഡ് ടി, അശോക് ലെയ്‌ലൻഡ്, മഹീന്ദ്ര എമിറേറ്റ്സ്, ഐബിപിസി ഉൾപ്പെടെ 40 കമ്പനികളുടെ പ്രതിനിധികൾ ബിസിനസ് മീറ്റിൽ പങ്കെടുത്തു.

“സെപ കരാറിന്റെ പിൻബലത്തിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളുമായും വ്യാപാരം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള ഊഷ്മള ബന്ധം മികച്ച വ്യാപാര സഹകരണത്തിന്റെ അടിസ്ഥാനമാണ്. രാഷ്ട്രീയ നേതൃത്വം സഹകരണത്തിന്റെ എല്ലാ വഴികളും തുറന്നിട്ടു കഴിഞ്ഞു.അതിലെ സാധ്യതകൾ ഉപയോഗപ്പെടുത്തേണ്ടത് വ്യാപാര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ എൻജിനീയറിങ് കമ്പനികൾക്ക് എക്സ്പോ സിറ്റിയിലെ ഭാരത് മാളിൽ പ്രദർശനത്തിന് സ്ഥിരം വേദി ഒരുക്കും. ഇവിടെ കമ്പനികൾക്ക് വെയർഹൗസുകൾക്ക് സ്ഥലം നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന് ഇനിയും ആഴത്തിൽ പോകാനുള്ള അവസരം ഉണ്ട്,“ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.