1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2022

സ്വന്തം ലേഖകൻ: എംബസിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തില്‍ എംബസിയുടേതെന്ന് തോന്നിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും വ്യാജ ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സഹായം ആവശ്യമുള്ള പ്രവാസികളെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്നതാണ് തട്ടിപ്പു സംഘത്തിന്റെ രീതിയെന്നും ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസിറ്റില്‍ എംബസി വ്യക്തമാക്കി. സഹായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരില്‍ നിന്ന് പണം തട്ടുന്നത്.

കൊവിഡ് മാഹാമാരി ഉള്‍പ്പെടെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, മറ്റു മന്ത്രിമാര്‍ തുടങ്ങിയവരെ ടാഗ് ചെയ്ത് ട്വിറ്ററില്‍ സഹായം ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ ഇടുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പു സംഘം വല വിരിക്കുന്നത്. ഇവരെ സഹായിക്കാമെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും വിവിധ സേവനങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുക്കുകയുമാണ് സാങ്കേതിക മേഖലകളില്‍ വിദഗ്ധരായ തട്ടിപ്പു സംഘത്തിന്റെ രീതി.

എംബസിയുടേതാണെന്ന് തോന്നിക്കുന്ന @embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികള്‍ക്കിടയില്‍ സംഘം തട്ടിപ്പുകള്‍ നടത്തുന്നത്. 700 ദിര്‍ഹം (15000ത്തോളം രൂപ) മുതല്‍ 1800 ദിര്‍ഹം (40,000 രുപ) വരെ ഈ രീതിയില്‍ സംഘം തട്ടിയെടുത്തതായാണ് വിവരം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍, വിസ പ്രൊസസിംഗ് ഫീസ് തുടങ്ങിയവയ്ക്കായാണ് ഈ രീതിയില്‍ തുക തട്ടിയെടുക്കുന്നത്.

ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പിന് ഇരയായവരില്‍ നിന്നും ഇതേക്കുറിച്ച് അറിയാവുന്നവരില്‍ നിന്നും പരാതികളും അറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും ട്വിറ്റര്‍ ഹാന്റിലും ഫേസ്ബുക്ക് പേജും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, നിങ്ങള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങളും സഹായ വാഗ്ദാനങ്ങളും വ്യാജ ഐഡികളില്‍ നിന്നുള്ളവയല്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഇ-മെയില്‍ വിലാസങ്ങള്‍ @mea.gov.in എന്ന ഡൊമൈനിലായിരിക്കും അവസാനിക്കുക. അല്ലാത്തവ വ്യാജമാണ്. @IndembAbuDhabi എന്ന ഒരു ട്വിറ്റര്‍ ഹാന്റില്‍ മാത്രമേ യുഎഇയിലെ ഇന്ത്യന്‍ എംബസിക്കുള്ളൂ. ഇന്ത്യന്‍ എംബസിയുടെയോ അതിലെ ജീവക്കാരുടെയോ പേരില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താതെ വാഗ്ദാനങ്ങളില്‍ വശംവദരായ പണം അയക്കരുതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.