1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2023

സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യക്കാരുടെ കോണ്‍സുലാര്‍-പാസ്‌പോര്‍ട്ട്-വീസ (സിപിവി) സേവനങ്ങള്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പ്രധാന നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ നല്‍കുന്നതിന് ഔട്ട്‌സോഴ്‌സിങ് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് 2024 മുതല്‍ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളില്‍ നിന്ന് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായേക്കും. യുഎഇയിലുടനീളം ഓഫിസുകള്‍ ആരംഭിച്ച് വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പുതിയ സേവന ദാതാവിനെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു കഴിഞ്ഞു. ഇതിനായി അബുദാബിയിലെ ഇന്ത്യന്‍ എംബസി സേവന ദാതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സേവനങ്ങള്‍ കാര്യക്ഷമമാക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ഏറ്റവും അടുത്ത നഗരത്തില്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി കര്‍ശന ഉപാധികളോടെ പ്രധാന സ്ഥലങ്ങളിലെല്ലാം ഔട്ട്‌സോഴ്‌സിങ് ഓഫിസുകള്‍ തുറക്കും. നിലവില്‍ രണ്ട് കമ്പനികള്‍ ഔട്ട്‌സോഴ്‌സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

പാസ്‌പോര്‍ട്ട്, വീസ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ബിഎല്‍എസ് ഇന്റര്‍നാഷണനലിനെയും ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഐവിഎസ് ഗ്ലോബല്‍ ഡോക്യുമെന്റിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ള സേവനങ്ങള്‍ എംബസിയും കോണ്‍സുലേറ്റുകളും നേരിട്ട് കൈകാര്യം ചെയ്യുന്നു.

ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐസിഎസി) എന്ന് പേരിട്ടിരിക്കുന്ന സേവനകേന്ദ്രത്തിനു കീഴില്‍ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും പുതിയ സേവന ദാതാവ് ലഭ്യമാക്കണം. പ്രധാന സ്ഥലങ്ങളിലെല്ലാം ഐസിഎസി തുറക്കുകയും വേണം. അപേക്ഷകരുടെ വീട്ടുപടിക്കലെത്തിയും കോണ്‍സുലാര്‍-പാസ്‌പോര്‍ട്ട്-വീസ സേവനങ്ങള്‍ നല്‍കാന്‍ ഔട്ട്‌സോഴ്‌സ് ഏജന്‍സിക്ക് അനുവാദമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

യുഎഇയില്‍ താമസിക്കുന്ന ഏകദേശം 35 ലക്ഷം ഇന്ത്യക്കാര്‍ക്കും സേവനങ്ങള്‍ തേടുന്ന വിദേശികള്‍ക്കും സേവനം നല്‍കാന്‍ ഐസിഎസിയുടെ ശാഖകള്‍ ബാധ്യസ്ഥമാണ്. ഇവിടത്തെ ഇന്ത്യന്‍ മിഷനുകളുമായി ഏകോപിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഓഫിസുകള്‍ പ്രവാസികള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളിലായിരിക്കണം. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും വേണമെന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അബുദാബിയില്‍ അല്‍ ഖാലിദിയ, അല്‍ റീം, മുസഫ്ഫ, അല്‍ ഐന്‍, ഗെയ്ത്ത് എന്നിവിടങ്ങളിലും ദുബായില്‍ കരാമ/ഊദ് മേത്ത, മറീന, അല്‍ ഖൂസ്/അല്‍ ബര്‍ഷ, ദേര, അല്‍ ഖുസൈസ് എന്നിവിടങ്ങളിലും ഷാര്‍ജയില്‍ അബു ഷഗറ, റോള, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലുമാണ് ഓഫിസുകള്‍ തുറക്കേണ്ടത്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളും ആരംഭിക്കണം.

ഐസിഎസി ഓഫിസുകള്‍ ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സ്ലോട്ട് ലഭ്യത എപ്പോഴും നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമായിരിക്കണം. ലഭിച്ച അപേക്ഷകള്‍ 20 മിനിറ്റിനുള്ളില്‍ പ്രോസസ്സ് ചെയ്യുകയും വേണം. ടോക്കണ്‍ ജനറേഷന്‍ മുതല്‍ അപേക്ഷ സ്വീകരിക്കുന്നതും കൗണ്ടറില്‍ പണമടയ്ക്കുന്നതും വരെയുള്ള മൊത്തം ടേണ്‍റൗണ്ട് സമയം 20 മിനിറ്റില്‍ കൂടരുത്. സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് പിഴ ചുമത്താന്‍ ഇടയാക്കും.

ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ ഒരു വെബ്‌സൈറ്റ് ലഭ്യമാക്കണം. അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും ടെലിഫോണ്‍, ഇ-മെയില്‍, സന്ദേശം എന്നിവ വഴിയുള്ള പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും കസ്റ്റമര്‍ കെയര്‍ സേവനവും നിര്‍ബന്ധമാണ്. അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് നിശ്ചിത ഫീസില്‍ കൂടുതല്‍ ഈടാക്കാനും പാടില്ല. ഡോര്‍ ടു ഡോര്‍ സേവനങ്ങള്‍ക്ക് പരമാവധി 380 ദിര്‍ഹം വരെ ഈടാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.