1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2020

സ്വന്തം ലേഖകൻ: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്.

“ഫലസ്തീനെതിരെയുള്ള നീക്കം സഹിക്കാവുന്ന നടപടിയല്ല. ഫലസ്തീന്‍ ഒന്നുകില്‍ യു.എ.ഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണ്,” എര്‍ദൊഗാന്‍ പറഞ്ഞു.

യു.എ.ഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നാണ് നേരത്തെ തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്. “യു.എ.ഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ഫലസ്തീനിയന്‍ ജനതയെ വഞ്ചിച്ചു,” തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള തീരുമാനത്തിന് വൻപിന്തുണ ലഭിച്ചു വരുന്നതായി യു.എ.ഇ. വെസ്റ്റ് ബാങ്കിൽ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉറപ്പ് ഇസ്രായേൽ നടപ്പാക്കുമൈന്ന പ്രതീക്ഷയിൽ തന്നെയാണ് യു.എ.ഇ. അതേസമയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ യു.എ.ഇയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നാണ് തുർക്കിയും ഫലസ്തീൻ സംഘടനകളും നൽകുന്ന മുന്നറിയിപ്പ്.

ഇസ്രായേലും യു.എ.ഇയും തമ്മിൽ സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന കരാർ വൈറ്റ്ഹൗസിൽ ഉടൻ തന്നെ ഒപ്പുവെക്കുമെന്നാണ് സൂചന. 1994ന് ശേഷം ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രായേൽ കൈകോർക്കുന്നത്. പശ്ചിമേഷ്യയിൽ വലിയ മാറ്റങ്ങൾക്കിടയാക്കുന്ന കരാറിന് അഭൂതപൂർവമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശം നിർത്തുന്നതോടെ ഭാവിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും യാഥാർഥ്യമാകുമെന്നും മന്ത്രി പ്രതികരിച്ചു.

യു.എ.ഇ തീരുമാനത്തെ പിന്തുണച്ച് ഗൾഫ് രാജ്യമായ ഒമാൻ രംഗത്തു വന്നു. ഈജിപ്തും കരാറിനെ പ്രകീർത്തിച്ചു. ഇസ്രായേലും അറബ് രാജ്യങ്ങളും ഒന്നിച്ചു നിൽക്കുന്നത് ആഗോളതലത്തിൽ ഗുണം ചെയ്യുമെന്ന് യു.എൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി. യു.എ.ഇ തീരുമാനം യാഥാർഥ്യബോധം നിറഞ്ഞതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കി.

അതേ സമയം തങ്ങളുടെ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുന്ന കരാർ നീക്കമാണിതെന്ന് ഫലസ്തീൻ സംഘടനകൾ ആരോപിച്ചു. അടിയന്തര അറബ് ലീഗ് വിളിച്ചു ചേർക്കണമെന്ന ഫലസ്തീൻ ആവശ്യത്തോട് പ്രധാന രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.