
സ്വന്തം ലേഖകൻ: യുഎഇയിലെ മുഴുവൻ തൊഴിൽക്കരാറുകളും നിശ്ചിതകാല തൊഴിൽക്കരാറുകളാക്കി മാറ്റണമെന്ന നിബന്ധന ഫെബ്രുവരി ഒന്നിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും നടപ്പാക്കണം. ഇതുസംബന്ധിച്ച് അധികൃതർ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നടപ്പാക്കാത്ത സ്ഥാപനങ്ങൾ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ ഫ്രീ സോൺ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ എല്ലാവരും പുതിയ രീതിയിലേക്ക് മാറണം.
ഗാർഹിക തൊഴിലാളികൾക്കും നിയമം ബാധകമല്ല. പുതിയ തൊഴിൽനിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് നടപടി. നേരത്തേ യുഎഇയിൽ അൺലിമിറ്റഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടു തരത്തിൽ തൊഴിൽക്കരാറുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽനിയമം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കി. നിലവിലെ മുഴുവൻ തൊഴിൽക്കരാറുകളും നിശ്ചിതകാല കരാറാക്കി മാറ്റുകയും ചെയ്തു. നിലവിൽ അനിശ്ചിതകാല കരാറിൽ ജോലിചെയ്യുന്നവരുടെ കരാറുകൾ സ്ഥാപനങ്ങൾ ഫെബ്രുവരി ഒന്നിനകം നിശ്ചിതകാലത്തേക്കാക്കി മാറ്റണം.
ഇതുസംബന്ധിച്ച് കമ്പനികൾക്ക് തൊഴിൽമന്ത്രാലയവും ഫ്രീസോൺ അതോറിറ്റികളും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത കാലത്തേക്കാണെങ്കിലും ദീർഘകാല കരാറുകൾ ഒപ്പുവെക്കാൻ ഈ നിയമമാറ്റം ഉപകരിക്കും. നേരത്തേ, പരമാവധി മൂന്ന് വർഷത്തേക്കാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിൽ തൊഴിൽക്കരാർ സാധ്യമായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ദീർഘകാലത്തേക്ക് പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ തൊഴിൽക്കരാറുണ്ടാക്കാം.
എന്നാൽ, പുതുക്കാൻ കഴിയുന്ന നിശ്ചിതകാലത്തേക്കാണ് തൊഴിൽക്കരാറുണ്ടാക്കേണ്ടതെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. മെയിൻലാൻഡ് കമ്പനിയിൽ ജോലിചെയ്യുന്നവർക്കും ഫ്രീസോൺ ജീവനക്കാർക്കും ഭേദഗതിപ്രകാരം തൊഴിൽക്കരാറുണ്ടാക്കാം. ഇതോടെ ഇനി മുതൽ മൂന്ന് വർഷത്തിൽ കൂടുതൽ കാലയളവുള്ള തൊഴിൽക്കരാറുകൾ യുഎഇയിൽ സാധ്യമാകും. ദീർഘകാലത്തേക്ക് ജോലിചെയ്യുന്നതിനും ജോലിസ്ഥിരത വർധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല