1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. അവധി, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി, സേവനാന്ത ആനുകൂല്യം തുടങ്ങി സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും.

അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി എന്നിവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കു സാധിക്കും. തൊഴിലിന്റെ സ്വഭാവം അനുസരിച്ച് വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സമയത്ത് ജോലി ചെയ്യുന്ന ഫ്ലക്സിബിൾ രീതി വിദേശികൾക്കും സ്വദേശികൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

സേവനാന്ത ആനുകൂല്യവും ഏകീകരിക്കും. വർഷത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 21 ദിവസത്തെ തുക കണക്കാക്കി ആദ്യത്തെ 5 വർഷത്തേക്കു സേവനാന്ത ആനുകൂല്യം നൽകുക. പിന്നീടുള്ള ഓരോ വർഷത്തിനും 30 ദിവസത്തെ ശമ്പളമാണ് കണക്കാക്കേണ്ടത്.

ജാതി, മത, ദേശ വർണ, വർഗ, ലിംഗ വ്യത്യാസം നോക്കി റിക്രൂട്ട് ചെയ്യുന്നത് വിലക്കുന്ന വിവേചന വിരുദ്ധ വ്യവസ്ഥകൾക്ക് കീഴിൽ രാജ്യത്തുടനീളമുള്ള എല്ലാ ജീവനക്കാർക്കും പരിരക്ഷ ലഭിക്കുന്നതാണ് പരിഷ്കരിച്ച തൊഴിൽ നിയമത്തിലെ മറ്റൊരു സുപ്രധാന നേട്ടം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇയ്യിടെ അംഗീകരിച്ച പരിഷ്കരിച്ച നിയമം അനുസരിച്ചാണ് സർക്കാർ, സ്വകാര്യ മേഖലാ തൊഴിൽവ്യവസ്ഥകൾ ഏകീകരിക്കുന്നത്. അടുത്ത 50 വർഷം മുന്നിൽ കണ്ട് 40 പുതിയ നിയമം ഉൾക്കൊള്ളിച്ചുള്ളതാണ് പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന നിയമം.

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കോവിഡാനന്തര ലോകത്ത് സംയോജിതവും സുസ്ഥിരവും കാര്യക്ഷമവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുമെന്നും പറഞ്ഞു.

30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കു ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ (പാറ്റേണിറ്റി) അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സ്വകാര്യമേഖലാ ജീവനക്കാർക്കും ലഭിക്കും.

ദീർഘകാല കരാറിനുപകരം പകരം 3 വർഷത്തെ തൊഴിൽ കരാറിനാണ് മുൻതൂക്കം. ഇരുകക്ഷികളുടെയും സമ്മതത്തോടെ ആവശ്യാനുസരണം എത്ര തവണ വേണമെങ്കിലും പുതുക്കാം. ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.

ഒന്നിലേറെ തൊഴിലുടമയ്ക്കു കീഴിൽ ജോലി സ്ഥലത്തോ വീട്ടിലോ പാർട് ടൈം ജോലി ചെയ്യാനും പുതിയ നിയമം അനുശാസിക്കുന്നു. നിശ്ചിത പദ്ധതിക്കു വേണ്ടി മാത്രം താൽക്കാലികമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. പദ്ധതി അവസാനിക്കുന്നതോടെ കരാർ അവസാനിക്കും.

സർക്കാർ–സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ അന്തരം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അടുത്ത 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾ എത്തുമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലാണു കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.