1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് യുഎഇ ഭരണകൂടം. കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്. തൊഴില്‍ നിയമങ്ങള്‍ അന്താരാശഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രൊഫഷനലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും പുതിയ തൊഴില്‍ നിയമത്തിനു പിന്നിലുണ്ട്.

1980ലെ എട്ടാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് യുഎഇ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 15ന് തിങ്കളാഴ്ച യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 2021ലെ 33 നമ്പര്‍ നിയമം, ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് അനുസൃതമായ ഒരു തൊഴില്‍ കമ്പോളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മനുഷ്യവിഭവ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ സമയം ഒന്നിലധികം തൊഴിലുടമകള്‍ക്കായി ജോലി ചെയ്യാന്‍ പുതിയ തൊഴില്‍ നിയമം അനുവാദം നല്‍കുന്നു. വിവിധ പ്രൊജക്റ്റുകളിലായോ മണിക്കൂര്‍ അടിസ്ഥാനത്തിലോ ഇങ്ങനെ വ്യത്യസ്ത തൊഴിലുടമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാം. സാധാരണ മുഴുവന്‍ സമയം ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന രീതിക്കു പകരം പാര്‍ട്ട് ടൈമായും താല്‍ക്കാലിക അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യാന്‍ ഇത് തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നു. പാര്‍ട്ട് ടൈം ജോലിയിലൂടെ ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിക്കായി ഷെഡ്യൂള്‍ ചെയ്യുകയും നിശ്ചിത മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.

അതേസമയം താല്‍ക്കാലിക ജോലി ഒരു നിശ്ചിത കാലയളവിലേക്കോ ഒരു പ്രത്യേക പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. അത് തീരുന്നതോടെ ജോലിയും അവസാനിക്കും. ഫ്ളെക്സിബിള്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിലവിലുള്ള മുഴുസമയ ജോലിയില്‍ നിന്ന് വ്യത്യസ്തമായി, ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കുന്നു.

ഇതിന് പുറമെ സ്വയം തൊഴില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മാതൃകകള്‍ അവതരിപ്പിക്കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന വ്യവസ്ഥയില്‍ ജോലി ഏറ്റെടുക്കുന്നതും ഒരു ജോലി ഒന്നിലധികം ആള്‍ ചേര്‍ന്ന് ഏറ്റെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെയുള്ള അവധിക്കും അര്‍ഹതയുണ്ടായിരിക്കും.

ഇതുപ്രകാരം ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണം. ബന്ധുക്കള്‍ മരണപ്പെട്ടാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ജീവിതപങ്കാളിയുടെ മരണത്തില്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസവും മാതാപിതാക്കളുടെയോ കുട്ടിയോ സഹോദരന്റെയോ പേരക്കുട്ടിയുടെയോ മുത്തശ്ശിയുടെയോ മരണത്തില്‍ മൂന്ന് ദിവസവുമാണ് അവധി ലഭിക്കുക.

തൊഴിലുടമയ്ക്കൊപ്പം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വര്‍ഷത്തില്‍ 10 ദിവസം എന്ന തോതില്‍ പഠന അവധി ലഭിക്കും. യുഎഇയിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ പഠിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. കുട്ടി ജനിച്ച് ആറു മാസത്തിനിടയിലെ കാലയളവില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് പാരെന്റല്‍ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ശമ്പളത്തോടെയുള്ള ഈ അവധിക്ക് മാതാവിനും പിതാവിനും അപേക്ഷിക്കാം.

പ്രസവവുമായി ബന്ധപ്പെട്ട് മാതാക്കള്‍ക്ക് 60 ദിവസം വരെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും പുതിയ തൊഴില്‍ നിയമം വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി തേനവുമായിരിക്കും ലഭിക്കുക. അതേസമയം, പുതിയ അമ്മമാര്‍ക്ക് 45 ദിവസം അധിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

ശമ്പളമില്ലാതെയുള്ള ഈ അവധി പ്രസവാനന്തര സങ്കീര്‍ണതള്‍ ഉണ്ടെങ്കിലോ നവജാത ശിശുവിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലോ ആണ് ലഭിക്കുക. ഇതിനുള്ള തെളിവായി ആവശ്യമായ രേഖകള്‍ ഹാജരാക്കണം. എന്നാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് തങ്ങളുടെ മാതൃ അവധി എടുത്ത ശേഷം 30 ദിവസം ശമ്പളത്തോടുള്ള അവധിയും വീണ്ടും 30 ദിവസം ശമ്പളമില്ലാത്ത അവധിയും ലഭിക്കും.

സ്വകാര്യ മേഖലയിലെ പ്രൊബേഷന്‍ കാലയളവ് ആറ് മാസമായി തുടരും. എന്നാല്‍ പുതിയ നിയമപ്രകാരം, പ്രൊബേഷന്‍ കാലയളവില്‍ ജീവനക്കാരനെ പിരിച്ചുവിടുന്നതിന് മുമ്പ് തൊഴിലുടമകള്‍ 14 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നല്‍കണം. നേരത്തേ പ്രൊബേഷന്‍ സമയത്ത് മുന്നറിയിപ്പില്ലാതെ തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴില്‍ ഉടമയ്ക്ക് അധികാരമുണ്ടായിരുന്നു. പുതി നിയമത്തില്‍ അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. പ്രൊബേഷന്‍ കാലയളവില്‍ രാജ്യം വിടണമെങ്കില്‍ 14 ദിവസം മുമ്പ് തൊഴിലുടമയെ രേഖാമൂലം അറിയിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഏതെങ്കിലും കക്ഷികള്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍, ലംഘനം നടത്തുന്ന കക്ഷി, ബാക്കിയുള്ള നോട്ടീസ് കാലയളവിലെ പതിവ് പ്രവൃത്തി ദിവസങ്ങള്‍ക്ക് തുല്യമായ വേതനം നഷ്ടപരിഹാരമായി നല്‍കണം.

അടുത്ത വര്‍ഷം മുതല്‍, തൊഴിലുടമകള്‍ തൊഴിലാളികളുമായി അനിശ്ചിത കാലത്തേക്ക് കരാറുണ്ടാക്കാന്‍ പാടില്ല. മറിച്ച് നിശ്ചിതകാല കരാറുകളില്‍ മാത്രമേ ഏര്‍പ്പെടാന്‍ പാടുള്ളൂ. പരമാവധി മൂന്നു വര്‍ഷം വരെ കരാറാവാം. അതിന് ശേഷം അതേ ജോലിയില്‍ കരാര്‍ പുതുക്കുന്നതിന് തടസ്സമില്ല. മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലേക്കുള്ള കരാറുകള്‍ക്കും തടസ്സമില്ല. അനിശ്ചിതകാല കരാറുകള്‍ ഇല്ലാതാക്കുന്നത് തൊഴിലാളികളുടെ ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അനിശ്ചിത കാല കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് നിയമം പ്രാബല്യത്തില്‍ വരുന്ന 2022 ഫെബ്രുവരി രണ്ടു മുതലുള്ള ഒരു വര്‍ഷത്തിനിടയില്‍ കരാറിന് പരിധി നിശ്ചയിക്കാം. യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കുന്നുവെന്നതാണ് പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമത്തിന്റെ മറ്റൊരു സവിശേഷത.

എന്നാല്‍ ചുരുങ്ങിയ വേതനം എത്രയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഇപ്പോള്‍ കൈക്കൊണ്ടിട്ടില്ല. മനുഷ്യവിഭവ മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുന്ന മിനിമം വേതനത്തെ കുറിച്ചുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമാവുക. നിലവില്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുതകുന്ന രീതിയിലുള്ള ശമ്പളം നല്‍കണമെന്നല്ലാതെ ഇത്ര മിനിമം വേതനം നല്‍കണമെന്ന് യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. ഇതിനാണ് പുതിയ തൊഴില്‍ നിയമത്തിലൂടെ മാറ്റം വന്നിരിക്കുന്നത്.

ഒരു തൊഴിലാളിയുടെ മരണം സംഭവിച്ചാല്‍, കുടുംബം ആവശ്യപ്പെടുന്ന പക്ഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. തൊഴിലാളി മരിച്ച് 10 ദിവസത്തിനകം തൊഴിലാളിയുടെ വേതനം, ആനുകൂല്യങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവയും തൊഴിലുടമ കുടുംബത്തിന് നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഒരു തൊഴിലുടമയുടെ കീഴില്‍ നിന്ന് ജോലി രാജിവയ്ക്കുകയോ തൊഴിലുടമയുമായുള്ള കരാര്‍ അവസാനിക്കുകയോ ചെയ്യുന്ന തൊഴിലാളിക്ക് അതിനു ശേഷവും രാജ്യത്ത് തുടരാനുള്ള അവകാശം പുതിയ തൊഴില്‍ നിയമം ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലവില്‍ ചെയ്യുന്നതു പോലെ ജീവനക്കാരെ നിര്‍ബന്ധ പൂര്‍വം രാജ്യത്ത് നിന്ന് പുറത്തേക്ക് പറഞ്ഞയക്കാന്‍ തൊഴിലുടമയ്ക്ക് അവകാശം ഉണ്ടായിരിക്കില്ല. പുതിയ നിയമമനുസരിച്ച്, തൊഴിലാളികള്‍ക്ക് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാനും തൊഴില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനും അനുവാദമുണ്ട്. പുതിയ നിയമപ്രകാരം, ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ തൊഴിലുടമകള്‍ക്ക് കണ്ടുകെട്ടാനും കഴിയില്ല.

പുതിയ നിയമപ്രകാരം, ലിംഗഭേദം, വംശം, നിറം, ദേശീയത, മതം, സാമൂഹിക സവിശേഷതകള്‍, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിക്കാനോ നിയമനത്തില്‍ നിന്ന് ഒഴിവാക്കാനോ പാടില്ല. തൊഴില്‍ ദാതാക്കള്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നുള്ള ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, വാക്കാലുള്ളതോ ശാരീരികമോ വൈകാരികമോ ആയ ദുരുപയോഗം എന്നിവയില്‍ നിന്നും നിയമം തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നു. എന്തെങ്കിലും കാരണത്താല്‍ അവരെ ഭീഷണിപ്പെടുത്താനോ ശിക്ഷിക്കാനോ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കില്ല. ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് തുല്യ മൂല്യമുള്ള മറ്റ് ജോലികള്‍ക്കും തുല്യമായ വേതനവും നിയമം ഉറപ്പ് വരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.