1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2021

സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ 1990-നും 2021-നുമിടയിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ. ഇവർക്ക് യു.എ.ഇ. തൊഴിൽമന്ത്രാലയം 4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. ഇതിനായി പേരുവിവരങ്ങൾ അടങ്ങിയ പട്ടിക പരിശോധിക്കാനുള്ള ഒരു ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് തുറന്ന് ഉള്ളിലേക്ക് പോകുമ്പോൾ യു.എ.ഇ. മന്ത്രാലയത്തിന്റെ ലോഗോ കാണാനാവും. എന്നാൽ അഞ്ചുവർഷം മുൻപുള്ള ലോഗോയാണ് വെബ്‌സൈറ്റിലുള്ളത്.

2016-ൽ യു.എ.ഇ. തൊഴിൽ മന്ത്രാലയം ഹ്യൂമൺ റിസോഴ്‌സസ് ആന്റ് എമിററ്റൈസൈഷൻ എന്ന് പേരുമാറ്റിയിരുന്നു. നേരത്തെയും ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇന്ത്യൻ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോ വെച്ചായിരുന്നു അന്നത്തെ വാർത്ത. 1990-നും 2020-നും ഇടയിൽ യു.എ.ഇ.യിൽ ജോലിചെയ്തവർക്ക് 1.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അർഹരായവരുടെ പട്ടികയിൽ താങ്കളുടെ പേരുണ്ടോ എന്നറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു അന്ന് നൽകിയിരുന്ന സന്ദേശം.

ഇത് ചെറിയ മാറ്റംവരുത്തിയാണ് വീണ്ടും പ്രചരിക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ.) അധികൃതർ മുന്നറിയിപ്പ് നൽകി. വിശ്വാസയോഗ്യമല്ലാത്ത യാതൊരു വെബ്‌സൈറ്റ് ലിങ്കുകളും തുറക്കരുത്. അജ്ഞാതർക്ക് രഹസ്യ കോഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകളുടെയും ഇത്തരം സന്ദേശങ്ങളുടെയും ആധികാരികത ഉറപ്പാക്കണം. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. ഇ-മെയിൽവഴി വരുന്ന ഇത്തരം ലിങ്കുകളും തുറക്കരുതെന്നും ടി.ആർ.എ. അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.