1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിക്കാനൊരുങ്ങി യുഎഇ. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും സുരക്ഷ ഒരുക്കാനാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. നൂറിലധികം തൊഴിലാളികളുള്ള നിര്‍മാണ, വ്യവസായ മേഖലയിലെ കമ്പനികള്‍ ഒരു ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കണം.

ഇതിന്റെ ഭാഗമായി നൂറ് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവരുടെ തൊഴില്‍, ആരോഗ്യ സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കണം. 1500 ദിര്‍ഹമോ അതില്‍ കുറവോ മാസവേതനമുള്ള തൊഴിലാളികള്‍ക്ക് അതാത് കമ്പനികളാണ് താമസയിടം നല്‍കേണ്ടത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന പാര്‍പ്പിട കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതായിരിക്കണം. ലേബര്‍ ക്യാംപുകളിലും തൊഴിലാളികള്‍ സുരക്ഷിതരായിരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ജോലി സ്ഥലങ്ങളില്‍ തൊഴിലാളികള്‍ അപകടങ്ങളില്‍ പെടാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട ബാധ്യതയും കമ്പനികളാണ് നിര്‍വഹിക്കേണ്ടത്. തൊഴിലാളികള്‍ രോഗബാധിതരാകാതിരിക്കാനും തീപിടിത്തങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍ ജോലി സ്ഥലങ്ങളില്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണ്. തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ കാര്യക്ഷമമാക്കാന്‍ അതില്‍ പ്രാവീണ്യമുള്ളയാളുടെ സേവനം ഉറപ്പാക്കണം. കൂടാതെ, ഫസ്റ്റ് എയ്ഡ് ബോക്‌സും ജോലി സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം.

തൊഴിലാളികളുടെ മേല്‍ ഭാരമുള്ള വസ്തുക്കള്‍ പതിക്കുക, അഗ്നിബാധ, വാതകചോര്‍ച്ച, വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ആധുനിക സാങ്കേതിക പ്രതിരോധ സംവിധാനങ്ങള്‍ അത്യാവശ്യമാണ്. സൂര്യാഘാതം ഏല്‍ക്കുന്ന തരത്തില്‍ തുറന്നയിടങ്ങളില്‍ ജോലി എടുക്കുന്ന സാഹചര്യവും ഉണ്ടാകാന്‍ പാടില്ല. കടുത്ത ചൂടുള്ള ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കല്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.