1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം. 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ സാമ്പത്തിക, നിക്ഷേപക, വാണിജ്യ സാധ്യതകള്‍ ശക്തിപ്പെടുത്താനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഉതകുന്ന ബൃഹത്തായ മാറ്റങ്ങളാണ് പുതിയ നിയമ പരിഷ്‌ക്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതുതായി ഏര്‍പ്പെടുത്തിയതോ നേരത്തേ ഉള്ളതില്‍ ഭേദഗതി വരുത്തിയതോ ആയ 40 നിയമങ്ങള്‍ക്കാണ് യുഎഇ ഭരണാധികാരി ശനിയാഴ്ച അംഗീകാരം നല്‍കിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണമാണ് ഇതെന്ന് ഗവണ്‍മെന്റ് മീഡിയ അറിയിച്ചു. സ്ത്രീകള്‍, ഗാര്‍ഹിക ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതും വിവാഹേതര ബന്ധങ്ങള്‍ക്ക് നിലവിലുള്ള വിലക്കുകള്‍ ലഘൂകരിക്കുന്നതുമായ നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷം ജനുവരി രണ്ടു മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.

പുതിയ നിയമപ്രകാരം ബലാല്‍സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയായത് 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനില്‍ക്കാന്‍ കഴിവില്ലാത്തവരോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. ആളുകളോട് സഭ്യേതരമായി പെരുമാറിയാല്‍ 10,000 ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. കുറ്റകൃത്യത്തിനിടയില്‍ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നും അധികൃതര്‍ അറിയിച്ചു. മോശമായ പെരുമാറ്റത്തിന് വിധേയരായത് 18 വയസ്സില്‍ താഴെയുള്ളവരോ ഭിന്നശേഷിക്കാരോ മറ്റോ ആണെങ്കില്‍ തടവ് 25 വര്‍ഷം വരെ നീളാം.

അതേസമയം, വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് പുതിയ പരിഷ്‌ക്കരണത്തിലൂടെ നീക്കിയിട്ടുണ്ട്. പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ ഭര്‍ത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റകരമാവൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആറു മാസത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. അതോടൊപ്പം പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും അധികാരമുണ്ടെന്നും പുതിയ നിയമം പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

അതോടൊപ്പം സാമൂഹിക മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും നിയമം കര്‍ശനമായി തടയുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വ്യാജ പരസ്യങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടുന്നതാണ് പുതിയ നിയമ പരിഷ്‌ക്കാരം. തെറ്റായ പരസ്യങ്ങള്‍, ഇല്ലാത്ത പ്രൊമോഷനുകള്‍, ലൈസന്‍സില്ലാതെയും ക്രിപ്‌റ്റോ കറന്‍സികളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില്‍പ്പന തുടങ്ങിയവയും നിയമത്തിന്റെ പരിധിയില്‍ വരും.

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളില്‍ ഇതിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോഫ്റ്റ് വെയറുകള്‍, ഉള്ളടക്കങ്ങള്‍ തുടങ്ങിയവ കണ്ടുകെട്ടാനും കോടതികള്‍ക്ക് അധികാരമുണ്ടായിരിക്കും.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് അതിശക്തമായ ശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയവയ്‌ക്കെതിരേ ശക്തമായ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകളില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അതുമായി ബന്ധപ്പെട്ട നിയമങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സിഗ്നേച്ചറിന് സാധാരണ കൈയൊപ്പിന്റെ നിയമ സാധുത നല്‍കിയിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സ്വീകരിക്കും.

പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് പുതി നിയമ പ്രകാരം കുറ്റകരമാണ്. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും, അവരെ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. രാജ്യത്തിന് പുറത്തുവച്ചാണെങ്കിലും യുഎഇ പൗരനെ വധിക്കുന്നവര്‍ക്കും യുഎഇയുടെ ഫെഡറല്‍ നിയമം ബാധകമാണെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.