
സ്വന്തം ലേഖകൻ: അടുത്ത വർഷം മുതൽ യുഎഇയിലെ സ്കൂൾ ജീവനക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതുവരെ അധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന ലൈസൻസാണ് അനധ്യാപക ജീവനക്കാർക്കും ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷണൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ റവ്ദ അൽ മറാറാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപന ശാസ്ത്രവുമായും അവരവരുടെ വിഷയവുമായും ബന്ധപ്പെട്ട രണ്ട് പരീക്ഷകൾ വിജയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. യു.എ.ഇ.യിലെ എല്ലാ സ്വകാര്യ, പൊതു സ്കൂളുകളിലെയും പ്രിൻസിപ്പൽ മുതലുള്ള എല്ലാ ജീവനക്കാർക്കും ഈ രീതി ബാധകമായിരിക്കുമെന്ന് റവ്ദ വ്യക്തമാക്കി. ലൈസൻസ് ഉള്ളവർക്ക് മാത്രമേ നിയമപരമായി ജോലിചെയ്യാൻ കഴിയുകയുള്ളു.
വിദ്യാഭ്യാസ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അധ്യാപകർക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയത്. അധ്യാപന നിലവാരം ഉയർത്തുന്നതിലും വിഷയാധിഷ്ഠിതമായ പഠന സമ്പ്രദായം രൂപപ്പെടുത്തുന്നതിനും ഈ രീതി പ്രയോജനപ്പെട്ടിരുന്നു.
വിദ്യാഭ്യാസരംഗങ്ങളിൽ യുഎഇ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തി വരുന്നത്. കൂടുതൽ പ്രൊഫഷണലുകളെ ഈ മേഖലയിലേക്കും ആകർഷിക്കാൻ നിബന്ധനകൾ കർശനമാക്കുന്നതിലൂടെ കഴിയും. ഇത് ലോകനിലവാരമുള്ള വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും റവ്ദ പറഞ്ഞു.
പരീക്ഷയിൽ പരാജയപ്പെടുന്ന അപേക്ഷകർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കി 24 മാസക്കാലയളവിനുള്ളിൽ വീണ്ടും ശ്രമിക്കാനുള്ള അവസരമൊരുക്കും. ബാച്ചിലർ ഡിഗ്രിയോ, നാലു വർഷ യൂണിവേഴ്‌സിറ്റി ബിരുദമോ യുഎഇ സ്കൂളുകളിലെ അധ്യാപകർക്ക് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്കൂൾ ഫീസ് വർധനയ്ക്ക് അനുമതിയില്ല
ഈ വർഷം സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതിയില്ലെന്നു അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. ഫീസ് വർധിപ്പിക്കാൻ വിവിധ സ്കൂളുകൾ അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
222 സ്കൂളുകളിലും 230 നഴ്സറികളിലുമായി അബുദാബി എമിറേറ്റിൽ 2.5 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പ്രാദേശിക, രാജ്യാന്തര തലത്തിൽ 14 സിലബസുകൾ പിന്തുടരുന്ന സ്കൂളുകളും ഇതിൽ ഉൾപ്പെടും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ക്ലാസിൽ 30 വിദ്യാർഥികളെ അനുവദിക്കാൻ അഡെക് നേരത്തെ അനുമതി നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല