1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: ഒരു ചായ വാങ്ങാന്‍ നിര്‍ത്തിയിട്ട ഒരു കാറില്‍ സ്പർശിച്ചതാണ് ഷാര്‍ജയിലെ കഫ്​റ്റീരിയയില്‍ ജോലിക്കാരനായ പ്രവാസി മലയാളിയുടെ ജീവിതം മാറ്റി മറിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം വിവാഹാവശ്യാര്‍ഥം നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തില്‍നിന്ന്​ പൊലീസ് പിടികൂടുകയായിരുന്നു. മോഷണക്കേസില്‍ ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലാണ് പൊലീസ് പിടികൂടിയത്.

യുവാവ്​ സ്​പർശിച്ച കാർ മറ്റൊരിടത്ത് പാര്‍ക്ക് ചെയ്ത സമയത്ത് ലാപ്ടോപ്പും നൂറു ദിര്‍ഹമും അപഹരിക്കപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയില്‍ യുവാവി​െൻറ വിരലടയാളമാണ്​ തെളിഞ്ഞുവന്നത്​. ഇതോടെ ഇയാളെ മോഷണക്കേസില്‍ പ്രതിയാക്കി. കാര്യം അറിയിക്കാൻ പൊലീസ് വിളിച്ച ഫോണി​െൻറ ഉടമ നാട്ടില്‍ പോയിരിക്കുകയായിരുന്നു. അതിനാൽ കേസും തുടർ സംഭവങ്ങളുമൊന്നും നിരപരാധിയായ ഈ യുവാവ്​ അറിഞ്ഞിരുന്നില്ല.

ആളെ പിടികൂടിയില്ലെങ്കിലും കേസില്‍ ആറുമാസത്തെ തടവും നാടുകടത്തലും ചേര്‍ത്ത് കോടതി വിധി വന്നു. നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്​ ഈ യുവാവിനെ അപ്രതീക്ഷിതമായി പൊലീസ് പിടികൂടുന്നത്. ഭാഷ വലിയ പരിചയമില്ലാത്ത ഇയാള്‍ക്ക് എന്തിനാണ് പിടികൂടിയത് എന്ന് വ്യക്തമായില്ല.

വിധി നടപ്പാക്കുന്നതി​െൻറ ഭാഗമായി പൊലീസ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. ക്രിമിനല്‍ കേസായതിനാല്‍ ഫോണും ഹാന്‍ഡ് ബാഗും പൊലീസ് വാങ്ങിവെച്ചിരുന്നു. കൊറോണ ലോക്​ഡൗണ്‍ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. അകത്തായ വിവരം വേണ്ടപ്പെട്ടവര്‍ അറിയുന്നത് അൽപം വൈകിയായിരുന്നു.

കൊറോണ കാരണം നടപടിക്രമങ്ങള്‍ സ്തംഭിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും ഓഫിസുകളിലെല്ലാം ഓണ്‍ലൈന്‍ സംവിധാനം മാത്രമേ ഉള്ളൂ എന്ന മറുപടിയാണ് അന്ന് കിട്ടിയിരുന്നത്. രണ്ടു മാസത്തെ തടവിനുശേഷം ഇയാളെ പുറത്തുവിട്ടു. പാസ്പോര്‍ട്ട് വിട്ടുകിട്ടിയിരുന്നില്ല.

ജയിൽ ​​േമാചിതനാകു​േമ്പാൾ ഏതാനും രേഖകളില്‍ ഒപ്പുവെച്ചിരുന്നു ഇദ്ദേഹം. കേസ് ഒഴിവായതി​െൻറ നടപടിക്രമങ്ങളാണ് എന്നാണ്​ ഇദ്ദേഹം കരുതിയത്. എന്നാല്‍, ഇത്​ പിന്നീട്​ വലിയ പുലിവാലാകു​മെന്ന്​ കരുതിയതേ ഇല്ല.

തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി പാസ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള ശ്രമം ആരംഭിച്ചു. പലരും സഹായ വാഗ്ദാനവുമായി വന്നെങ്കിലും കാര്യം നടന്നില്ല. തടസ്സങ്ങള്‍ നീങ്ങാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ്‌ ഷാര്‍ജയിലെ ഒരു വക്കീല്‍ ഓഫിസുമായി ബന്ധപ്പെടുന്നത്​. അവരുടെ പരിശോധനയിലാണ് കേസി​െൻറ ഗൗരവം അറിയുന്നത്.

രണ്ടുമാസത്തെ തടവിനുശേഷം പുറത്തിറങ്ങുമ്പോള്‍ അടുത്ത ഹിയറിങ്ങിന്​ ഹാജരാകേണ്ടി വരുമെന്നുള്ള രേഖയിലായിരുന്നു പൊലീസ് ഒപ്പ് വാങ്ങിയത്. കൂട്ടത്തില്‍ ബന്ധപ്പെടാനുള്ള നമ്പറും വാങ്ങിയിരുന്നു. ഇദ്ദേഹത്തി​െൻറ തന്നെ നമ്പറായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഈ ഫോണ്‍ അടങ്ങുന്ന ഹാന്‍ഡ് ബാഗ് പൊലീസില്‍നിന്ന്​ വിട്ടുകിട്ടിയിരുന്നില്ല. അതിനാൽ തുടർ നടപടികൾ ഒന്നും അറിഞ്ഞുമില്ല.

പൊലീസില്‍ നിന്ന് മറ്റൊരറിയിപ്പും ലഭിക്കാത്തതിനാല്‍ കേസ് കഴിഞ്ഞെന്നും തനിക്ക് നാട്ടിലേക്ക് തിരിക്കാന്‍ പാസ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു യുവാവ്. മാസങ്ങള്‍ പിന്നിട്ടിട്ടും പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് പലരുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും നടക്കാതെപോയി. മറ്റൊരാള്‍ നിര്‍ദേശിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ഷാര്‍ജയിലെ ഒരു വക്കീല്‍ ഓഫിസുമായി ബന്ധപ്പെടുന്നത്.

അവരുടെ അന്വേഷണത്തില്‍ പ്രതി ഹിയറിങ്ങിനും കേസ് റീ ഓപ്പണ്‍ ചെയ്തപ്പോഴും ഹാജരാകാത്തതിനെ തുടര്‍ന്ന് മേല്‍കോടതി ആറുമാസം തടവിനും നാടുകടത്തലിനും ശിക്ഷ വിധിച്ചിരുന്നു. വിധി വന്ന് ഏറെ ദിവസം കഴിഞ്ഞതിനാല്‍ അപ്പീലിന് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വക്കീല്‍ ഓഫിസിലുള്ള മലയാളിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജഡ്ജിക്ക് പ്രതിയുടെ ദുരവസ്ഥ പറഞ്ഞ് അപേക്ഷ നല്‍കുകയായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ജഡ്ജി പതിവില്ലാതെ അപ്പീലിന് അവസരം നല്‍കി.

ലോക്​​ഡൗൺ കാരണം ജോലിയില്ലാതിരുന്ന ഇയാള്‍ക്കോ അടുത്തവര്‍ക്കോ വക്കീലിന് പണം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഷാര്‍ജയിലെ വക്കീല്‍ അബ്​ദുല്‍ കരീം ബിന്‍ ഈദ് ഫീസില്‍ നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി നാട്ടില്‍നിന്ന്​ പണം വരുത്തി കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. യുവാവി​െൻറ നിരപരാധിത്വം വക്കീല്‍ കോടതിയെ പരമാവധി ബോധ്യപ്പെടുത്തിയതോടെ മോചനത്തിനും നാട്ടിലേക്കുള്ള മടക്കത്തിനും വഴിയൊരുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.