
സ്വന്തം ലേഖകൻ: വൻ തുക ബാങ്ക് വായ്പയെടുത്ത ശേഷം ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളകുടിശ്ശിക ബാക്കിവച്ച് മലയാളി വ്യവസായി രാജ്യം വിട്ടു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത കമ്പനികൾ നടത്തിയിരുന്ന കൊച്ചി സ്വദേശിയാണ് യുഎഇയിൽ നിന്ന് മുങ്ങിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇയാളുടെ കമ്പനികളിൽ ജോലി ചെയ്തിരുന്ന മലയാളികളടക്കം പത്തായിരത്തിലേറെ തൊഴിലാളികൾ ദുരിതത്തിലായി.
ദുബായ്, അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളില്‍ കെട്ടിട നിർമാണം, അഡ്വർടൈസ്മെന്റ്, പ്രീ കാസ്റ്റ്, മാർബിൾ ഗ്രാനൈറ്റ് കമ്പനികളാണ് കൊച്ചി സ്വദേശി നടത്തിയിരുന്നത്. പല വമ്പൻ കമ്പനികളുടെയും പ്രൊജക്ടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുത്ത ശേഷം അവരോട് വൻ തുക മുൻകൂറായി വാങ്ങുകയും ഇൗ പദ്ധതികൾ കാണിച്ച് അഞ്ചോളം ബാങ്കുകളിൽ നിന്ന് ഭീമമായ തുക വായ്പയെടുക്കുകയും ചെയ്ത ശേഷവുമാണ് ഇയാൾ മുങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞു.
കൂടാതെ, വിവിധ കമ്പനികൾക്ക് നിർമാണ ജോലികൾ ഉപകരാർ നൽകുകയും ചെയ്തിരുന്നു. അഞ്ച് മാസത്തെ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്. ഇവരിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന മികച്ച ശമ്പളം വാങ്ങിയിരുന്നവർ വരെയുണ്ട്. തൊഴിലാളികൾ കഴിഞ്ഞ ദിവസം കമ്പനിക്ക് മുന്നിൽ സമരം ചെയ്തതോടെ ഉടമ മുങ്ങിയ കാര്യം പുറം ലോകമറിയുകയായിരുന്നു. ഇയാൾ യുഎഇ വിട്ടത് ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല.
20 വർഷം മുൻപ് സാധാരണ തൊഴിലാളിയായിട്ടാണ് മുങ്ങിയ ഉടമ ഇതേ കമ്പനികളിലൊന്നിൽ പ്രവാസ ജീവിതം ആരംഭിച്ചത്. ആദ്യത്തെ ഉടമയ്ക്ക് ഒരു അപകടം സംഭവിച്ച് വ്യവസായം തകർച്ചയിലേയ്ക്ക് വീണപ്പോൾ ഇയാൾ വഞ്ചനയിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് കമ്പനിയെ കരകയറ്റിയ ഇയാളുടെ കീഴിൽ പത്തായിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവരിൽ പലരും അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല