1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2021

സ്വന്തം ലേഖകൻ: ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നേരത്തേ കണക്കുകൂട്ടിയത് പ്രകാരം ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് 7.42ഓടെ ചൊവ്വയിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഎഇയും അറബ് ലോകവും. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ചൊവ്വ ദൗത്യമാണിത്. പ്രതീക്ഷയെന്ന അര്‍ഥം വരുന്ന അമല്‍ എന്നാണ് പേടകത്തിന്റെ അറബി നാമം.

ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. മണിക്കൂറില്‍ 1,21,000 കിമീ ശരാശരി വേഗതയില്‍ കുതിക്കുന്ന ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ സുരക്ഷിതമായി പ്രവേശിക്കുക എന്നതാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. ഈ ഘട്ടം വിജയിച്ചാല്‍ മാത്രമേ യുഎഇയുടെ ചൊവ്വാ ദൗത്യം വിജയിച്ചുവെന്ന് പറയാനാവൂ. ആ അഭിമാന നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരും അവരോടൊപ്പം യുഎഇയും.

ഹോപ്പ് പ്രോബിനെ ചൊവ്വയിലെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന്റെ ആദ്യപടിയായി നിലവില്‍ മണിക്കൂറില്‍ 1.21 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത 18,000 കിലോമീറ്ററായി കുറയ്ക്കണം. ബഹിരാകാശ വാഹനം നേരെ എതിര്‍ദിശയിലേക്ക് തിരിച്ച് 27 മിനുട്ട് നീളുന്ന ഡിസെലെറേഷന്‍ ബേണിലൂടെ വേണം ഇത് സാധ്യമാക്കാന്‍. ഇതിന്റെ റിഹേഴ്‌സല്‍ പല തവണ നടത്തിയതാണെങ്കിലും പല ഘടകങ്ങളെയും ആശ്രയിച്ചാണ് ദൗത്യത്തിന്റെ അന്തിമ ഫലമെന്ന് എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ ഡയരക്ടര്‍ ഉംറാന്‍ ശറഫ് അഭിപ്രായപ്പെട്ടു. ഇതുവരെയുള്ള ചൊവ്വാ ദൗത്യങ്ങളില്‍ 50 ശതമാനവും പരാജയപ്പെട്ട ചരിത്രമാണ് നമുക്ക് മുമ്പിലുള്ളതെന്നും എന്തായാലും വലിയ പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച 7.30നായിരിക്കും ഹോപ്പ് പ്രോബ് ചൊവ്വയുടെ ഓര്‍ബിറ്റില്‍ പ്രവേശിക്കുകയെന്നും അവിടെ നിന്നുള്ള സിഗ്നല്‍ ഭൂമിയിലെത്താന്‍ 11 മിനുട്ട് കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭൂമിയില്‍ നിന്ന് 493,500,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുക. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 2363 കിലോമീറ്റര്‍ അകലെ വച്ചാണ് ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. വാഹനത്തിലെ ഹൈഡ്രസൈന്‍ ഇന്ധനം കത്തിച്ചാണ് ഇത് സാധ്യമാക്കുക. ഇതിനായുള്ള ആറ് ത്രസ്റ്ററുകളില്‍ ഏതെങ്കിലുമൊരു ജോഡി പ്രവര്‍ത്തിക്കാതിരുന്നാല്‍ പേടകം ഓര്‍ബിറ്റിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കും. അതേസമയം, രണ്ട് ജോഡികള്‍ പ്രവര്‍ത്തനരഹിതമായാല്‍ ദൗത്യം തന്നെ പരാജയപ്പെടുന്ന സ്ഥിതിയാവും.

ദുബായിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ദൗത്യം നിരീക്ഷിക്കുന്നത്. പേടകം സിഗ്നലുകള്‍ അയക്കുന്നുണ്ടെന്നും യാത്രയില്‍ പ്രശ്നങ്ങളില്ലെന്നും പ്രോജക്റ്റ് ഡയറക്റ്റര്‍ ഉമ്രാന്‍ ഷറഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സര്‍വകാലാശാലകളുമായി ചേര്‍ന്നാണ് യുഎഇ ശാസ്ത്രജ്ഞര്‍ പേടകം തയ്യാറാക്കിയത്. പേടകത്തിന്റെ നിര്‍മാണം നടന്നത് കൊളറാഡോ സര്‍വകലാശാലയിലെ അന്തരീക്ഷ ബഹിരാകാശ ലബോറട്ടിയിലും ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലുമായാണ്. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം നടത്തുക, 2117 ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.