
സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വ ദൗത്യം വിജയകരം. യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ. അമേരിക്ക, സോവിയറ്റ് യുണിയൻ, യുറോപ്പ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ മാറി. ഇനിയുള്ള 687 ദിവസവും യുഎഇയുടെ പേടകം ചൊവ്വയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ ഹോപ് അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവർഷം) ചൊവ്വയിലെ വിവര ശേഖരണം പൂർത്തിയാക്കും.
ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയിൽ തന്നെയുണ്ടാകും. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലൻഡിൽ നിന്ന് ഹോപ് കുതിച്ചത്.
അറബ് മേഖലയുടെ പ്രതീക്ഷയെ ചുവന്ന ഗ്രഹത്തിലെത്തിച്ച ഹോപ് പ്രോബിന്റെ ചരിത്ര നിമിഷം മായാത്ത മുദ്രയായി ഇനി പാസ്പോർട്ടുകളിലും. ഇന്നലെ യുഎഇ വിമാനത്താവളങ്ങളിൽ എത്തിയവരുടെ പാസ്പോർട്ടിലാണ് മുദ്ര പതിഞ്ഞത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രദക്ഷിണം ചെയ്യുന്ന ഹോപ് പ്രോബിന്റെ ചിത്രത്തോടൊപ്പം “നിങ്ങൾ എമിറേറ്റ്സിലെത്തി, എമിറേറ്റ്സ് ചൊവ്വയിലും എത്തിക്കൊണ്ടിരിക്കുന്നു, 9–2–2021” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല