
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് (അൽ അമൽ) ഒടുവിൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്. അറബ് ശാസ്ത്രലോകം അക്ഷമരായി കാത്തിരിക്കുന്ന സന്തോഷ സുദിനത്തിന് ഇനി അധികം നാളുകളില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്റർ ഹാൻഡിൽ കുറിച്ചു.
200ൽപരം സ്വദേശി യുവശാസ്ത്രജ്ഞരുടെ ആറു വർഷത്തെ പ്രയത്ന ഫലമായ ഹോപ് പ്രോബ് 2021 ഫെബ്രുവരി 9ന് രാത്രി 7.42ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് അദ്ദേഹം യു.എ.ഇയിലെയും അറബ് ലോകത്തെയും ശാസ്ത്രസമൂഹത്തെ അറിയിച്ചു. ‘ഹോപ് 2021 ഫെബ്രുവരി 9 ന് രാത്രി 7.42ന് ചൊവ്വയിലെത്തും. ഇത് നമുക്കും എല്ലാ അറബികൾക്കും ഒരു മികച്ച ദിവസമായിരിക്കും’ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നായിരുന്നു അറബ് ലോകത്തിെൻറ പ്രതീക്ഷകളുമായി ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെൻററിൽനിന്നായിരുന്നു ചരിത്രദൗത്യം.
മിത്‌സുബുഷി എച്ച്.ടു.എ. റോക്കറ്റിൽ വിക്ഷേപണത്തിന് പിന്നാലെ ദുബായ്യിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹ നിയന്ത്രണം ഏറ്റെടുത്തു. ഒരു മണിക്കൂറിനുശേഷം ലോഞ്ച് വെഹിക്കിളിൽനിന്ന് ഹോപ് പ്രോബ് വേർപെട്ട് നിമിഷങ്ങൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനവും സോളാർ പാനലുകളും സജ്ജമായി. പ്രാദേശികസമയം പുലർച്ച 3.10ഓടെ ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു.
മണിക്കൂറിൽ 1,21,000 കിലോമീറ്റർ ശരാശരി വേഗതയിൽ കുതിപ്പ് തുടർന്ന ഹോപ് പ്രോബ് 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിലെ (എം.ബി.ആർ.എസ്.സി.) ശാസ്ത്രജ്ഞർ 24 മണിക്കൂറും നിരീക്ഷിച്ചാണ് ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിച്ചും ഭൂമിയുമായുള്ള ബന്ധം നിലനിർത്തിയും അതിസങ്കീർണഘട്ടങ്ങളെ മറികടന്നത്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്തുക, 2117 ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ദൗത്യ പ്രധാനലക്ഷ്യം. ലഭ്യമാകുന്ന വിവരങ്ങൾ ലോകത്തിലെ 200ലേറെ സ്പേസ് സെൻററുകളുമായി പങ്കുവെക്കും.
2021 ഫെബ്രുവരിയിൽ ഹോപ് ഭ്രമണപഥത്തിലെത്തുന്ന ചരിത്രമുഹൂർത്തം അറബ് ലോകത്ത് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ.ശാസ്ത്രലോകത്തിന് അഭിനന്ദനം അറിയിച്ച് ശൈഖ് മുഹമ്മദ് ചെയ്ത ട്വീറ്റും ഇതു ശരിവെക്കുന്നതാണ്. യു.എ.ഇ രൂപം കൊണ്ടതിെൻറ 50ാമത് വർഷമാണ് 2021. ജപ്പാനിലെ മോശം കാലാവസ്ഥയെ തുടർന്ന് പല തവണ മാറ്റിവെച്ച യു.എ.ഇ.യുടെ സ്വപ്നപദ്ധതിയാണ് ഇത്തവണ യാഥാർഥ്യമാകുന്നത്.മാത്രമല്ല, വിജയക്കുതിപ്പ് പൂർണമാകുന്നതോ രാജ്യം പിറന്നതിന്റെ അമ്പതാം വാർഷികത്തിണ് എന്നതാണ് മറ്റൊരു വിശേഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല