1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2021

സ്വന്തം ലേഖകൻ: 2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം: വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ മുന്നോട്ട്. ചൊവ്വ ദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്കു പങ്കാളിത്തം നൽകുമെന്നും യുഎഇ വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരികളാകാൻ കൂടുതൽ സ്വദേശി വനിതകൾക്കും അവസരമൊരുക്കും.

അൽ അമൽ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബ വ്യക്തമാക്കി. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞവർഷം ജൂലൈ 20ന് വിക്ഷേപിച്ച പേടകം ദൗത്യത്തിന്റെ അടുത്തഘട്ടത്തിലേക്കു കടന്നു. ഇതിനകം ഒട്ടേറെ ചിത്രങ്ങളും വിവരങ്ങളും കൈമാറി.

അടുത്ത ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ട സ്വദേശി വനിത നൂറ അൽ മത്റൂഷി പരിശീലനത്തിലാണ്. ബഹിരാകാശ രംഗത്ത് സ്വദേശി ശാസ്ത്ര സംഘത്തെ പൂർണ സജ്ജമാക്കുകയാണു ലക്ഷ്യം. അൽ അമൽ പദ്ധതിക്ക് 200 സ്വദേശി യുവശാസ്ത്രജ്ഞർ 6 വർഷത്തിലേറെ പ്രവർത്തിച്ചു. രൂപകൽപനയും മറ്റും പൂർണമായും നടത്തിയത് ഇവരാണ്.

ബഹിരാകാശ വിവരങ്ങൾ ഇതര രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും പദ്ധതികളിൽ സഹകരിക്കാൻ അവർക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് ശാസ്ത്രസാങ്കേതിക സഹമന്ത്രിയും യുഎഇ സ്പേസ് ഏജൻസി അധ്യക്ഷ സാറ അൽ അമീരി പറഞ്ഞു. ചൊവ്വ പദ്ധതിയിൽ യുഎസും ദക്ഷിണകൊറിയയും സഹകരിക്കുന്നുണ്ട്. നിലവിലെ പല വെല്ലുവിളികളെയും അതിജീവിക്കാൻ ബഹിരാകാശ പദ്ധതികൾക്കു കഴിയുമെന്നും ചൂണ്ടിക്കാട്ടി.

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉൽപാദനം പ്രാദേശികമായി ആരംഭിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഭാവി ദൗത്യങ്ങളിൽ മികവു പുലർത്തുന്ന വിദേശികൾക്കും അവസരം ലഭിക്കും. പാഠ്യപദ്ധതികളിൽ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉൾപ്പെടുത്തി പ്രാഥമിക തലം മുതൽ സമഗ്രമാറ്റം ലക്ഷ്യമിടുന്നു.

സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങൾ ഒരുങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.