1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015

സ്വന്തം ലേഖകന്‍: യുഎഇയിലെ കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. നിയമം സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗോബാശ് അറിയിച്ചു. ഉച്ചക്ക് 12.30 മുതല്‍ മൂന്നു വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.

കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാനാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എട്ട് മണിക്കൂര്‍ ജോലി സമയം രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളായി ക്രമീകരിക്കും. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവന്നാല്‍ അതിനനുസരിച്ച് ആനുകൂല്യവും നല്‍കും.

റമദാനിലും ഇതേ ജോലി സമയം തന്നെയായിരിക്കും ഉണ്ടാവുക. തൊഴിലുടമകള്‍ പ്രതിദിന ജോലി സമയം വ്യക്തമാക്കുന്ന ഷെഡ്യൂള്‍ ജോലി സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. ഉച്ച സമയത്ത് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കുകയും വേണം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ് ഉച്ചവിശ്രമ നിയമത്തിന് രൂപം നല്‍കിയത്.

കഴിഞ്ഞ 11 വര്‍ഷമായി വിജയകരമായി നിയമം നടപ്പാക്കി വരുന്നതായി തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി മാഹിര്‍ അല്‍ ഉബൈദ് പറഞ്ഞു. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം 18 സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

റോഡ് പണി, കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം, വൈദ്യുതി വിതരണം, ഗ്യാസ് പെട്രോളിയം പൈപ്പ്‌ലൈന്‍ തുടങ്ങിയവയുടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉച്ചവിശ്രമ നിയമം നിര്‍ബന്ധമല്ല. എന്നാല്‍ തണുത്ത കുടിവെള്ളം, ഉപ്പ്, നാരങ്ങ, ഫ്രഷ് സാലഡ് എന്നിവ ഇവര്‍ക്ക് വിതരണം ചെയ്യണം. ഇവരെ നേരിട്ട് വെയിലേല്‍ക്കുന്ന ആഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും പ്രാഥമിക ചികിത്സക്കുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.