1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴിലാളികള്‍ക്കു മധൃാഹ്‌ന വിശ്രമ നിയമം നാളെ (15) ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം സെപ്റ്റംബർ 15ന് സമാപിക്കും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് അരലക്ഷം ദിർഹം പിഴയടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണു നിയമം.

കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനാ വിഭാഗത്തെ നിയോഗിക്കും. എന്നാല്‍ വിശ്രമം നല്‍കുന്നതിന്റെ മറവില്‍ 8 മണിക്കൂറിലധികം തൊഴിലാളികളെ ജോലിചെയ്യിപ്പിക്കരുത്. 24 മണിക്കൂറിനുള്ളില്‍ എട്ടു മണിക്കൂറിലധികം ഒരു തൊഴിലാളി ജോലിചെയ്യുന്നുണ്ടെങ്കില്‍ തൊഴില്‍ നിയമപ്രകാരമുള്ള അധിക വേതനം നല്‍കണം.

എട്ടു മണിക്കൂറില്‍ കൂടുതലുള്ള സമയം ഓവര്‍ടൈം ആയി കണക്കാക്കണമെന്നാണു തൊഴില്‍ നിയമം. സാധാരണ വേതനവുമായി താരതമൃം ചെയ്താണു അധികജോലിക്കുള്ള വേതനം നിശ്ചയിക്കേണ്ടത്. തൊഴിലാളികളുടെ ജോലി സമയ പട്ടിക പണിസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. അറബിക്കിലും ഇംഗ്ലീഷിലും സമയക്രമം എഴുതണം. ഇവരണ്ടും തൊഴിലാളികള്‍ക്കു വശമില്ലെങ്കില്‍ അവര്‍ക്കു അറിയുന്ന ഭാഷയിലായിരിക്കണം തൊഴില്‍ സമയപട്ടിക തയാറാക്കേണ്ടത്.

വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. തൊഴില്‍ നിയമത്തില്‍ അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ സൂരൃതാപമേല്‍ക്കാതെ സംരക്ഷിക്കാനുള്ള പ്രതേൃക സംവിധാനങ്ങളും പണയിടങ്ങളില്‍ തൊഴിലുടമ ഒരുക്കിയിരിക്കണം.നിര്‍ജലീകരണം തടയാനായി തൊഴിലാളികളുടെ തോത് അനുസരിച്ചു ദാഹശമനികള്‍ വേണം.

ആരോഗൃ മന്ത്രാലയം നിര്‍ദേശിച്ച പ്രാഥമിക ശുശ്രൂഷാ മരുന്നുകളും പണിയിടങ്ങളില്‍ സൂക്ഷിക്കണമെന്നാണു ചട്ടം. ഉച്ചവിശ്രമ നിയമം സംബന്ധിച്ചു തൊഴിലാളികള്‍ക്കും അവബോധം വേണം. സൂരൃതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വമേധയായ സ്വീകരിക്കാന്‍ അവര്‍ തയാറാകണമെന്നാണ് അധികൃതരുടെ അറിയിപ്പ്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവര്‍ക്കു 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴചുമത്തും.

നിയമം ലംഘിച്ചു എത്ര തൊഴിലാളികളെ പണിയെടുപ്പിച്ചിട്ടുണ്ട് എന്നതിനു അനുസരിച്ചായിരിക്കും പിഴസംഖൃ നിശ്ചയിക്കുക. കൂടാതെ നിയമലംഘകരായ കമ്പനികളുടെ ഫയല്‍ മന്ത്രാലയത്തിലെ താണ പട്ടികയിലേക്കു നീക്കും. നിയമലംഘനത്തിന്റെ സ്വഭാവം പരിശോധിച്ചാണു ഇക്കാരൃം തീരുമാനിക്കുക. കഴിഞ്ഞയാഴ്ച വിവിധ എമിറേറ്റുകളിൽ 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയാണ് പകൽ സമയത്തെ താപനില ഉയർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.