1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ കോഴി മുട്ടയ്ക്കും കോഴി ഉല്‍പന്നങ്ങള്‍ക്കും അടുത്തിടെയുണ്ടായ 13 ശതമാനം വിലവര്‍ദ്ധനവ് എല്ലാ ബ്രാൻഡുകള്‍ക്കും ബാധകമല്ലെന്നും ഒമ്പത് യുഎഇ ഉത്പാദകര്‍ വിതരണം ചെയ്യുന്നവയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നും യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാന വിഭവങ്ങളിലൊന്നായ കോഴിയുടെയും മുട്ടയുടെയും വില വര്‍ധിപ്പിച്ച നടപടിയില്‍ യുഎഇയിലെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

ഒമ്പത് യുഎഇ ഉല്‍പ്പാദകര്‍ മന്ത്രാലയം മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് അവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ വിപണിയില്‍ മുട്ടയും കോഴിയിറച്ചിയും വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പാദകര്‍ക്കും വില വര്‍ധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വില വര്‍ധിപ്പിക്കാത്ത നിരവധി കോഴി ഉല്‍പ്പന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് ഉണ്ട്.

ഉപഭോക്താക്കള്‍ക്ക് വില വര്‍ധന ബാധകമല്ലാത്ത വ്യത്യസ്ത ബ്രാന്‍ഡുകളില്‍ നിന്ന് ഇവ സ്വന്തമാക്കാമെന്നും സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആന്‍ഡ് ഫോളോ അപ്പ് സെക്ടറിന്‍റെ അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ഷംസി പറഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ച് ഇന്നലെ നടത്തിയ മാധ്യമ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

രാജ്യത്തെ വിതരണക്കാര്‍ അന്യായമായ വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും വ്യാപാര മേഖലയില്‍ കുത്തക രീതികളെ തടഞ്ഞു നിര്‍ത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിക്കച്ചതായും അദ്ദേഹം അറിയിച്ചു. വില വര്‍ദ്ധനയ്ക്കുള്ള അപേക്ഷകളെ കുറിച്ച് സമഗ്രമായി പഠിക്കുകയും അതേക്കുറിച്ച് ഏറെ ആലോചിച്ചിക്കുകയും ചെയ്ത ശേഷമാണ് അവ അംഗീകരിക്കുന്നതിനുള്ള തീരുമാനം മന്ത്രാലയം കൈക്കൊണ്ടത്.

എന്നാല്‍ കാലിത്തീറ്റ, ഷിപ്പിംഗ് ചെലവുകള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവിലുണ്ടായ ഗണ്യമായ വര്‍ദ്ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് കണ്ടെത്തിയ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചുനല്‍കാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച ഇന്‍സ്‌പെക്ടര്‍മാര്‍ മാര്‍ക്കറ്റുകളില്‍ പരിശോധനകള്‍ നടത്തിയിരുന്നതായും അനുമതി നല്‍കപ്പെട്ട ബ്രാന്റുകളല്ലാതെ പല കമ്പനികളൊന്നും മുട്ടയുടെയും ചിക്കന്‍ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

18 മാസം മുമ്പാണ് ഒമ്പത് സ്ഥാപനങ്ങള്‍ വില വര്‍ധിപ്പിക്കാനുള്ള അനുമതിക്കായി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചതെന്ന് അല്‍ ഷംസി പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി പഠിക്കുകയും അവരുടെ ആവശ്യം ന്യായമായെന്ന് കണ്ടെത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില വര്‍ധനവ് അനുവദിച്ചിരിക്കുന്നത്. വില വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ ഇല്ലാതാകുന്ന മുറയ്ക്ക് വില വര്‍ധനയും പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ വില ആറ് മാസത്തിന് ശേഷം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ അവകാശങ്ങള്‍ ഉറപ്പാക്കുകയും വിപണി സ്ഥിരതയും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ ശരിയായ സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിന് ആവശ്യമായ വിപണി നിരീക്ഷണ ശ്രമങ്ങള്‍ രാജ്യത്ത് നല്ല രീതിയില്‍ നടന്നുവരുന്നുണ്ട്. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്കാണ് സര്‍ക്കാര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അവശ്യവസ്തുക്കള്‍ക്കായി അധികൃതര്‍ നിശ്ചയിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം.

ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുയോജ്യമായ ഒരു ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും വിലയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ ബ്രാന്‍ഡുകള്‍ മാറാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന വിപുലമായ സ്ഥാപനങ്ങളും ബ്രാന്‍ഡുകളും യുഎഇ വിപണിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ 10 അടിസ്ഥാന ഷോപ്പിംഗ് ഇനങ്ങളുടെ വില മാറ്റുന്നതിന് മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്. റമദാനില്‍ അടിസ്ഥാന സാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ഇതുവരെ അടിസ്ഥാന ചരക്ക് വിതരണക്കാരുമായി മന്ത്രാലയം 26 കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ദുബായിലെയും അബുദാബിയിലെയും പഴം, പച്ചക്കറി കമ്മിറ്റികളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി,” അല്‍ ഷംസി പറഞ്ഞു.

ദുബായ് വിപണിയില്‍ പ്രതിദിന ഉപഭോഗം 19,000 ടണ്ണും അബുദാബിയില്‍ 6,000 ടണ്ണുമാണ്. നിലവില്‍ രാജ്യത്ത് ലഭ്യമായ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്റ്റോക്ക് 143,000 ടണ്ണാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം കഴിഞ്ഞ വര്‍ഷം വിപണികളില്‍ 94,123 പരിശോധനകള്‍ നടത്തുകയും 4,227 ചട്ടലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഈ വര്‍ഷം നടത്തിയ 8,170 പരിശോധനകളില്‍ 1,030 ലംഘനങ്ങള്‍ കണ്ടെത്തി. വില ടാഗുകളും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും പ്രദര്‍ശിപ്പിക്കാത്തതായിരുന്നു പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. മന്ത്രാലയത്തിന്‍റെ 8001222 എന്ന നമ്പറില്‍ വിളിച്ച് ആളുകള്‍ക്ക് പരാതികള്‍ നല്‍കാനും വാണിജ്യപരമായ ക്രമക്കേടുകള്‍ അറിയിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.