
സ്വന്തം ലേഖകൻ: പൊതുഗതാത സംവിധാനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ദുബായ്യിലെ വായനക്കാർക്ക് ഒരു സന്തോഷ വാർത്ത. യു.എ.ഇ വായലോ മാസാചാരണത്തോട് അനുബന്ധിച്ച് അത്യുഗ്രൻ ചലഞ്ചൊരുക്കുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വായന ശീലമാക്കുന്ന യാത്രക്കാർക്ക് രണ്ടു മില്യൺ നോൾ പ്ലസ് പോയൻറുകളാണ് ചലഞ്ചിലെ സമ്മാനം. ഇതു പണമാക്കി മാറ്റി നോൾ കാർഡ് റീചാർജ് ചെയ്യാം.
ഒപ്പം 12,000 അംഗീകൃത ഔട്ട്ലെറ്റുകളിൽ പർച്ചേസ് നടത്തുന്നതിനും ഇത്തിഹാദ് മ്യൂസിയം, ദുബായ്യിലെ പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലേക്ക് പ്രവേശന ടിക്കറ്റുകൾ എടുക്കുന്നതിനും ഈ പോയൻറുകൾ ഉപയോഗിക്കാം. വായനാ മാസം അടയാളപ്പെടുത്തുന്നതിന് ആർ.ടി.എയുടെ റീഡ് വിത്ത് ആർ.ടി.എ മൊബൈൽ ആപ്പ് പരിഷ്കരിച്ചു.
നവീകരിച്ച എഡിഷനിൽ 600ൽപരം പുതിയ ഇ-പബ്ലിക്കേഷൻ ഉള്ളടക്കങ്ങൾ, അറബി-ഇംഗ്ലീഷ് ഭാഷകളിലുള്ള ഓൺലൈൻ പുസ്തകങ്ങൾ, ഓഡിയോ ബുക്സ്, വിഡിയോകൾ, മറ്റു ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയതായി ആർ.ടി.എ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവിസസ് സെക്ടർ മാർക്കറ്റിങ്, കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്രിസി പറഞ്ഞു.
ആർ.ടി.എ പുറത്തിറക്കുന്ന അൽ മസാർ മാഗസിൻ, സലാമ മാഗസിൻ എന്നിവയുൾപ്പെടെ എല്ലാവിധ പ്രസിദ്ധീകരണങ്ങളിലേക്കും ഓൺലൈനായി ആപ്പ് വഴി പ്രവേശിക്കാനാവും. നിരവധി പത്രങ്ങളും മാസികകളും വായിക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്നതിനായി ഓൺലൈൻ ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്ക് രണ്ട് ദശലക്ഷം നോൾ പ്ലസ് പോയൻറുകളാണ് സമ്മാനമായി ലഭിക്കുകയെന്നും റൗദ അൽ മെഹ്രിസി ചൂണ്ടിക്കാട്ടി.
സെർകോയുമായി സഹകരിച്ച്, ആർ.ടി.എ ആപ്ലിക്കേഷൻ ഉപയോഗിച്ച് പതിവായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും അതോറിറ്റിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ വായനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.
‘എന്നെ വായിക്കാൻ സഹായിക്കുക’ എന്ന വിഷയത്തിൽ ഇൗ മാസം തന്നെ വെർച്വൽ വർക്ക്ഷോപ്പും വായനാ മാസത്തോടനുബന്ധിച്ച് ആർ.ടി.എ സംഘടിപ്പിക്കും. ആർ.ടി.എ സന്നദ്ധപ്രവർത്തകരാണ് സെഷനുകൾ നയിക്കുന്നത്. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള അനാഥ കുട്ടികളെ പഠിപ്പിക്കുന്നതിനും സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുമെന്ന് ആർ.ടി.എ വാർത്താകുറിപ്പിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല