1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2022

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. നൂതന രൂപകൽപ്പനകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് പോളിമർ കൊണ്ട് നിർമിച്ച നോട്ട് നാഷനൽ കറൻസി പ്രോജക്റ്റിന്റെ മൂന്നാമത്തെ ഇഷ്യുവിൽ നാലാമത്തേതാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

2023ന്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും നോട്ട് ലഭ്യമാകും. അതേസമയം, നിലവിലെ 1000 ദിർഹം നോട്ട് വിനിമയം തുടരും. നോട്ടിന്റെ മുൻവശത്ത് അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രമാണ് പ്രധാനമായും പതിച്ചിട്ടുള്ളത്. തൊട്ടടുത്ത് ഒരു ബഹിരാകാശ പേടകത്തിന്റെ മാതൃകയുമുണ്ട്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1976-ൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പയനിയർമാരുമായി യുഎഇയെ ബഹിരാകാശ പര്യവേക്ഷകരിൽ ഉൾപ്പെടുത്താനുള്ള അഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.

2021-ലെ എമിറേറ്റ്സ് മാർസ് മിഷൻ ‘ഹോപ് പ്രോബ്’ യാത്രയിൽ ‘എമിറേറ്റ്‌സ് മിഷൻ ടു എക്സ്പ്ലോർ മാർസ് – ദ് ഹോപ് പ്രോബ്’ എന്ന തലക്കെട്ടിലുള്ള ചിത്രം നോട്ടിന്റെ മുകളിൽ ഷെയ്ഖ് സായിദ് ചിത്രത്തിന് ഇടതുവശത്തായി പതിച്ചിട്ടുണ്ട്. ബഹിരാകാശത്തേയ്ക്കുള്ള ആദ്യ എമിറാത്തി ബഹിരാകാശ സഞ്ചാരിയുടെ വരവ് പ്രകടിപ്പിക്കാൻ നോട്ടിന്റെ ഇരുവശത്തും സുരക്ഷാ ചിഹ്നമായി ചേർത്തു. അബുദാബിയിലെ ബറക ആണവോർജ നിലയത്തിന്റെ ചിത്രവും നോട്ടിന്റെ മറുവശത്ത് കാണാം.

നോട്ടിന്റെ രൂപകൽപനയിൽ വ്യത്യസ്തമായ തവിട്ടുനിറത്തിലുള്ള ഷേഡുകൾ അടങ്ങിയിരിക്കുന്നു. മധ്യഭാഗത്തുള്ള യുഎഇ നാഷനൽ ബ്രാൻഡിന്റെ ഫ്ലൂറസെന്റ് നീല അടയാളങ്ങൾ കൂടാതെ, നൂതന ഇന്റാഗ്ലിയോ പ്രിന്റിങ് വിദ്യകൾ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും ലിഖിതങ്ങളും പൊതുജനങ്ങൾക്ക് നോട്ട് തിരിച്ചറിയാൻ എളുപ്പമാക്കും. രാജ്യം സാക്ഷ്യം വഹിക്കുന്ന സമഗ്രമായ വികസനം നിലനിർത്തുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടിന് കീഴിലാണ് പുതിയ 1000 ദിർഹം നോട്ട് പുറത്തിറക്കുന്നതെന്നു സിബിയുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.